ലണ്ടൻ: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കൊവിഡില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനാലാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്നും മാറ്റിനിര്‍ത്തിയത്. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനാവും. കരിയറില്‍ ഇതാദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ അദ്ദേഹം ടീമിനെ നയിക്കാന്‍ പോവുന്നത്.
നേരത്തെ കോവിഡ്-19 സ്ഥിരീകരിച്ച രോഹിത് ശർമ്മയെ ഇന്ന് രാവിലെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം ഇതുവരെ അറിവായിട്ടില്ല. രോഹിത് ശർമ ഇപ്പോഴും ഐസൊലേഷനിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ ബർ‌മിങ്ങാമിലെത്തിയതിനു പിന്നാലെയാണ് തീരുമാനം. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും ചേതൻ ശർമ്മയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബുംറയെ ക്യാപ്റ്റനാക്കാൻ തീരുമാനിച്ചത്.
ബുംറ നായകനാകാൻ സാധ്യതയെന്ന് രണ്ട് ദിവസം മുമ്പ് തന്നെ
‘ന്യൂസ് അറ്റ് നെറ്റ് ‘ റിപ്പോർട്ട് ചെയ്തിരുന്നു.