ന്യൂഡൽഹി: 18 പൈസ ഇടിവോടെ ഡോളറിനെതിരെ രൂപ റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായി 79.03 രൂപയിലാണ് ഇന്ത്യൻ കറൻസി ഡോളറിനെതിരെ വ്യാപാരം അവസാനിപ്പിച്ചത്.

വിദേശനാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക്, ഡോളർ ശക്തമായത്, എണ്ണവില ഉയർന്നത് എന്നിവയെല്ലാം രൂപയുടെ വിനിമയമൂല്യത്തെ സ്വാധീനിക്കുന്നുണ്ട്.

78.86ലാണ് രൂപ ബുധനാഴ്ച വ്യാപാരം തുടങ്ങിയത്. എന്നാൽ, പിന്നീട് രൂപയുടെ വിനിമയമൂല്യം ഒരു ഘട്ടത്തിൽ 79.05 ഡോളറിലേക്ക് ഇടിഞ്ഞു. ചൊവ്വാഴ്ചയും രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞിരുന്നു. 48 പൈസ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ മാസം മാത്രം രൂപയുടെ വിനിമയമൂല്യത്തിൽ 1.97 ശതമാനം ഇടിവാണ് ഉണ്ടായത്.

ഈ വർഷം വിനിമയമൂല്യം 6.39 ശതമാനവും ഇടിഞ്ഞു.അതേസമയം, ഡോളർ സൂചിക 0.13 ശതമാനം നേട്ടമുണ്ടാക്കി. 104.64 രൂപയിലാണ് ഡോളറി​ന്റെ വ്യാപാരം നടക്കുന്നത്.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന്റെ ഭാവി വില 0.34 ശതമാനം വർധിച്ച്‌ 118.38 ശതമാനത്തിലേക്ക് ഉയർന്നു. ഓഹരി വിപണിയിൽ സെൻസെക്സ് 150 പോയിന്റു നിഫ്റ്റി 51.10 പോയിന്റും ഇടിഞ്ഞു.