ഉദയ്പൂര്‍. നൂപൂര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ കടയില്‍ കയറി കഴുത്തറുത്തുകൊന്ന സംഭവത്തില്‍ കൊലയാളികള്‍ അറസ്റ്റിലായി. ഗൗസ്മുഹമ്മദ്,മുഹമ്മദ് റിയാസ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയപൂരിലാണ് നാടിനെ നടുക്കിയ സംഭവം . കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തി. സംഭവത്തെതുടര്‍ന്ന് അക്രമങ്ങള്‍പൊട്ടിപ്പുറപ്പെട്ടു. ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് വ്യക്തമാക്കി

ഉദയ്പൂരില്‍ മാള്‍ഡ്‌സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.കനയ്യലാലിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെട്ടിയശേഷം അക്രമികള്‍ തലയറുത്ത് മാറ്റി. ഇവര്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.കൊലപാത ദൃശ്യം പകര്‍ത്തിയ അക്രമികള്‍ ആയുധങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു .

കൊലപാതകികളെ രാജ്‌സാമന്ദില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉദയ്പൂരില്‍ കൂടുതല്‍ പോലീസ് സേനകളെ വിന്യസിച്ചു.
ജില്ലയിലെ ഏഴ് മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂരില്‍ മേഖലയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നല്‍കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ആവശ്യപ്പെട്ടു. സംഭവത്തെ കോണ്‍ഗ്രസ്സും സിപിഐ എം അപലപിച്ചു .മതത്തിന്റെ പേരില്‍ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും ,സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു