മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ


ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്താനും, വിദ്വേഷം വളർത്താനും ശ്രമിച്ചെന്ന കേസിൽ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു.

പ്രമുഖ ‘ഫാക്‌ട് ചെക്കിങ്’ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളാണ് ഇദ്ദേഹം.

മുഹമ്മദ് സുബൈറിനെ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നത് മറ്റൊരു കേസുമായി ബന്ധപ്പെട്ടാണെന്നും, എന്നാൽ അറസ്റ്റു ചെയ്തത് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണെന്നും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ പറഞ്ഞു. തങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും എഫ്‌ഐആറിന്റെ കോപ്പി നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സ്പെഷ്യൽ സെൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിലാണ് അറസ്റ്റു നടന്നതെന്നും, മുഹമ്മദ് സുബൈറിനെതിരെ മതിയായ തെളിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. മുഹമ്മദ് സുബൈറിനെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ കസ്റ്റഡി ആവശ്യപ്പെട്ട് നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement