മുംബൈ: രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിന് പദ്ധതിയിട്ട് ഗൗതം അദാനിയും മുകേഷ് അംബാനിയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും ചേർന്ന് 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക.

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ പ്രമുഖരാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും.

നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് രാജസ്ഥാൻ സർക്കാരുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചത്. രാജസ്ഥാൻ സർക്കാർ കൊണ്ടുവന്ന ‘ഇൻവെസ്റ്റ് രാജസ്ഥാൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേറ്റ് കമ്പനികൾ രാജസ്ഥാനിലേക്ക് വൻ നിക്ഷേപങ്ങൾ നടത്താൻ തയ്യാറായത്.

അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ഇൻഫ്രാ ലിമിറ്റഡ്, അദാനി ടോട്ടൽ ലിമിറ്റഡ്, അദാനി വിൽമർ എന്നിവയാണ് നിക്ഷേപത്തിന് ഒരുങ്ങുന്നത്. കൂടാതെ, റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും നിക്ഷേപ വാഗ്ദാനം നൽകിയിട്ടുണ്ട്.