അമൃത്സർ: പഞ്ചാബിൽ ആംആദ്മി പാർട്ടിക്ക് തിരിച്ചടി. ആകെയുള്ള ഒരു ലോക്‌സഭാ സീറ്റായിരുന്ന സംഗ്രൂർ ആംആദ്മിക്ക് നഷ്ടപ്പെട്ടു. മണ്ഡലത്തിൽ ശിരോമണി അകാലി ദൾ (അമൃത്സർ) വിജയിച്ചു. എസ്എഡിഎയുടെ സിമ്രൻജിത് മൻ ആണ് വിജയിച്ചത്.

മണ്ഡലത്തിൽ ആദ്യ ഫലസൂചന പുറത്ത് വന്നത് മുതൽ പഞ്ചാബിൽ ശിരോമണി അകാലി ദൾ ഗ്രൂപ്പിനായിരുന്നു ലീഡ്. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ മണ്ഡലമായിരുന്നു സംഗ്രൂർ. അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം വിജയം നേടി മൂന്ന് മാസത്തിനിപ്പുറമാണ് ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുന്നത്. നേരത്തെ 2014, 2019 തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം ഇല്ലാതിരുന്നിട്ട് പോലും ആപ്പിന് മണ്ഡലത്തിൽ വിജയിച്ചിരുന്നു. ആംആദ്മി പാർട്ടിയെ സംബന്ധിച്ച് ജനഹിതം പരിശോധിക്കാനുള്ള ഒരു ‘ടെസ്റ്റ്’ കൂടിയായിരുന്നു ഈ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്. എന്നാൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

‘വിധി അംഗീകരിക്കുന്നുവെന്ന് ആംആദ്മി പ്രതികരിച്ചു. വിജയവും പരാജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ പരമ്പരാഗത പാർട്ടികളെ ജനം തള്ളിക്കളഞ്ഞു. തോൽവിക്ക് പിന്നിലെ കാരണം ഞങ്ങൾ ആത്മപരിശോധന നടത്തും.’ ആപ്പ് വ്യക്തമാക്കി. ആംആദ്മി പാർട്ടി സംഗ്രൂറിന്റെ തന്നെ ചുമതലയുള്ള ഗുർമെയിൽ സിംഗിനെയാണ് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് മുൻ എംഎൽഎ ദാൽവീർ സീംഗ് ഗോൾഡിയേയും ബിജെപി മുൻ എംഎൽഎ കേവൽ ദില്ലോമിനേയുമാണ് മത്സരിപ്പിച്ചിട്ടുള്ളത്. ജൂൺ നാലിനാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത് മൂന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ഉത്തർപ്രദേശിലെ അസംഗണ്ഡ്, രാംപൂർ മണ്ഡലത്തിലും, പഞ്ചാബിലെ സംഗ്രൂറിലുമാണ് വോട്ടെടുപ്പ് നടന്ന് ഫലം കാത്തിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ വിജയത്തോടെയാണ് സംഗ്രൂർ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞത്.