അനിത പ്രധാന ഹാളിൽ കടന്നില്ല, സഭാ ടിവി ഓഫിസിലെത്തി: റിപ്പോർട്ട്‌

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ ലോകകേരള സഭ നടക്കുമ്പോൾ നിയമസഭയിലെത്തിയത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തൽ. സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷൽ നിയമസഭാ സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി.

അനിത പുല്ലയിലിനെ കമ്പനിയുടെ ജീവനക്കാർ സഭയിൽ അനുഗമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രണ്ടു ജീവനക്കാരാണ് കൂടെയുണ്ടായിരുന്നത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ കണ്ടതോടെ സുരക്ഷാ ജീവനക്കാർ അകത്തേക്കു കടത്തി വിട്ടു. എന്നാൽ, ലോക കേരളസഭ നടക്കുന്ന ശങ്കരൻ തമ്പി ഹാളിൽ കടക്കാൻ അനിതയ്ക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ആറു വാച്ച് ആൻഡ് വാർഡുമാരിൽനിന്ന് ചീഫ് മാർഷൽ തെളിവു ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. മാധ്യമങ്ങളുടെ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്ഥലത്താണ് സമ്മേളനത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറം നടന്നത്. പാസ് നൽകിയാണ് വിദ്യാർഥികളെ അടക്കം ഓപ്പൺ ഫോറത്തിൽ പങ്കെടുപ്പിച്ചത്. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസ് അനിതയുടെ കൈവശം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അനിതയ്ക്കു പാസ് ലഭിക്കാനിടയായ സാഹചര്യം പരിശോധിച്ചു വരുന്നു. നാളെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ സ്പീക്കർ മാധ്യമങ്ങളോട് വിശദീകരിക്കും.

സാങ്കേതിക സഹായം നൽകുന്ന കമ്പനിയുമായുള്ള കരാർ സഭാ ടിവി റദ്ദാക്കിയേക്കും. സഭാ ടിവിയുടെ ഒടിടി പ്ലാറ്റ് ഫോമിൽ അനിത പുല്ലയിലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതും വിവാദമായി. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ ആദ്യദിവസം മുതൽ അനിത നിയമസഭയിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മാധ്യമങ്ങൾ പിന്തുടർന്നതോടെ സഭാ ടിവിയുടെ ഓഫിസിലേക്കു മാറി. പിന്നീട് വാച്ച് ആൻഡ് വാർഡ് എത്തി അനിതയെ പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലായിരുന്നു എന്നാണ് നോർക്കയുടെ വിശദീകരണം.

Advertisement