പട്‌ന.രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി ഒന്നരമാസത്തിനുള്ളില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുമായി കടന്നു.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച ശേഷമാണ് യുവതി കാമുകനൊപ്പം നാടുവിട്ടത്. പട്‌നയ്ക്ക് സമീപമുള്ള നൗബത്പൂരിലാണ് സംഭവം. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് 20കാരിയായ റാണി കുമാരിയെ സത്യാനന്ദ് വിവാഹം കഴിച്ചത്. ആദ്യം വീട്ടുകാരുടെ സമ്മതം ലഭിച്ചിരുന്നില്ലെങ്കിലും ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 27 ന് ഏറെ ആര്‍ഭാടത്തോടെ നടത്തിയ ചടങ്ങില്‍ വച്ച് ഇരുവരും വിവാഹിതരായി.

വിവാഹ ശേഷം ഭര്‍ത്തൃവീട്ടിലെത്തിയപ്പോള്‍ റാണി മറ്റൊരാളുമായി ഫോണില്‍ ചാറ്റു ചെയ്യുന്നത് സത്യാനന്ദ് കണ്ടെത്തി. ഇതോടെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച ആഭരണവും 20,000 രൂപയുമായാണ് റാണി കാമുകനൊപ്പം കടന്നത്. സേഫിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണവിവരം പുറത്തായത്.