മുംബൈ∙ വിമത എംഎൽഎമാർ നേരിട്ടു വന്ന് ആവശ്യപ്പെട്ടാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ. ‘വിട്ടു പോയിരിക്കുന്ന എംഎൽഎമാർ നേരിട്ടെത്തി, ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്നു പറഞ്ഞാൽ രാജിക്ക് തയാറാണ്. അങ്ങനെ പറഞ്ഞാൽ അവർക്ക് രാജ്ഭവനിൽ ഗവർണർക്കു നൽകാനുള്ള രാജിക്കത്തു ഞാൻ തയാറാക്കി നൽകും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അതോടെ ഒഴിയുകയും ചെയ്യും’– ഉദ്ധവ് പറഞ്ഞു.

മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന എംഎൽഎമാരുടെ വിമത നീക്കത്തിലൂടെ മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മൗനം ഭേദിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയത്. കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഫെയ്‌സ്ബുക് ലൈവിലൂടെ ഉദ്ധവ് സംസാരിച്ചത്.

‘മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ല. അതാനായി ആരോടും യുദ്ധം ചെയ്തിട്ടില്ല. എന്റെ ആളുകൾക്ക് മുഖ്യമന്ത്രി പദത്തിൽ എന്നെ വേണ്ടെങ്കിൽ, ഞാൻ മുഖ്യമന്ത്രി ആയിരിക്കുന്നതിൽ ഒരു എംഎൽഎയ്ക്ക് എങ്കിലും എതിർപ്പുണ്ടെങ്കിൽ അതെന്നോട് നേരിട്ടു പറയൂ..ആ നിമിഷം ഞാൻ രാജിവയ്ക്കും. പക്ഷേ എന്റെ അടുത്ത് വന്ന് മുഖാമുഖം സംസാരിക്കണം. എന്തിനാണ് സൂറത്തിലേക്കു പോയിരിക്കുന്നത്?. മാത്രമല്ല ഞാൻ ശിവസേനയെ നയിക്കാൻ യോഗ്യനല്ലെങ്കിലും അതെന്നോടു പറയാം. ആ സ്ഥാനത്തുനിന്നു മാറാനും ഞാൻ തയാറാണ്.പകരം ശിവസേനയിൽനിന്ന് ആർക്കു വേണമെങ്കിലും മുഖ്യമന്ത്രിയാകാം ’– ഉദ്ധവ് പറഞ്ഞു.

‘ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരിൽ ഒരാളായി. കഴിഞ്ഞ രണ്ടര വർഷമായി നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ട്. ‘നിങ്ങൾ സംസാരിക്കുമ്പോൾ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു’വെന്ന് നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നിലെത്തിയത്. അത് ഞാൻ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎൽഎ പറഞ്ഞാൽ ഞാൻ രാജിവയ്ക്കും.

ഹിന്ദുത്വമൂല്യത്തിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ (ബാൽ താക്കറെ) ശിവസേനയിൽ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎൽഎമാരും ബാലാ സാഹേബിനൊപ്പമാണ്.’– ഉദ്ധവ് പറഞ്ഞു.

ഏക്നാഥ് ഷിൻഡെയെ ഉദ്ധവ് പരോക്ഷമായി വിമർശിച്ചു. ‘പാർട്ടിയുടെ ചില എംഎൽഎമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാർത്ഥതകൊണ്ടല്ല.ആകസ്മികമായാണ് മുഖ്യമന്ത്രി സ്ഥാനം എന്നിലേക്ക് എത്തിയത്. സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിർദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയാകാൻ നിർദേശിച്ചത് ശരദ് പവാറാണ്, കോൺഗ്രസ് അതിനെ പിൻതാങ്ങുകയും ചെയ്തു’– ഉദ്ധവ് വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും കോൺഗ്രസ് നേതാവ് കമൽ നാഥും ഫോണിൽ വിളിച്ചിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.