ചെന്നൈ: മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരനു നേരെ വാളുമായി മകന്റെ ആക്രമണം,പ്രതിരോധിച്ച പിതാവിന്റെ വെട്ടേറ്റ് മകന്‍ മരിച്ചു.
തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മകന്‍ കാശിരാജിനെ (36) ആണു തമിഴളഗന്‍ കൊലപ്പെടുത്തിയത്. കാശിരാജന്റെ ഭാര്യയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

കേസിന്റെ വിചാരണയ്ക്കായി പിതാവ് മറ്റൊരു മകനും അനന്തരവനുമൊപ്പം കാറില്‍ കോടതിയില്‍ എത്തുമ്പോഴാണ് അക്രമം. കോടതി സമുച്ചയത്തിന് അരികെ വാളുമായി കാത്തുനിന്ന കാശിരാജന്‍ പിതാവിനെയും സഹോദരനെയും ബന്ധുവിനെയും ആക്രമിക്കുകയായിരുന്നു. അതിനിടെ കാശിരാജന്റെ കൈയില്‍ നിന്ന് അരിവാള്‍ പിടിച്ചെടുത്ത തമിഴളഗന്‍ കാശിരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ തമിഴളഗന്‍, മകന്‍ കടല്‍രാജ, അനന്തരവന്‍ കാശിദുരൈ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴളകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കാശിരാജന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. നേരത്തെ കാശിരാജന്‍ പലതവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയവെ തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താന്‍ കാശിരാജന്‍ നേരത്തെ ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഏപ്രില്‍ 10നാണ് കാശിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here