മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. സംസ്ഥാനത്തു ഭരണ പ്രതിസന്ധി രൂക്ഷമായിരിക്കെയാണു മുൻ മുഖ്യമന്ത്രിയുടെ ഭാര്യ ട്വിറ്ററിൽ വിമർശനവുമായി രംഗത്തെത്തിയത്.

‘ഒരിക്കലൊരു ക്രൂരനായ രാജാവുണ്ടായിരുന്നു’ എന്നാണു ഹിന്ദിയിലെഴുതിയ ഒറ്റവരി ട്വീറ്റിൽ അമൃത കുറിച്ചത്. ഹിന്ദിയിൽ ‘ത’ എന്ന അക്ഷരം ഉദ്ധരണിയിലാണ് അമൃത നൽകിയത്. ഇതു ഉദ്ധവ് താക്കറെയെ ഉദ്ദേശിച്ചാണെന്നായിരുന്നു അനുയായികളുടെ വാദം. വലിയ ചർച്ചയായതിനു പിന്നാലെ അമൃത ട്വീറ്റ് ഡിലീറ്റ് ചെയ്തു.

മന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമതനീക്കം തുടങ്ങിയതോടെയാണ് താക്കറെ സർക്കാർ പ്രതിസന്ധിയിലായത്. ശിവസേന–എൻസിപി–കോൺഗ്രസ് (മഹാവികാസ് അഘാഡി) സഖ്യത്തിനാണു നിലവിൽ ഭരണം. പുലർച്ചെ ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ ഗുജറാത്തിൽനിന്ന് അസമിലെ ഗുവാഹത്തിയിലെ ഹോട്ടലിലേക്കു മാറി. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്.