മഹാരാഷ്ട്ര:
മഹാരാഷ്ട്രയിൽ മന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള 20 ശിവസേന എംഎൽഎമാർ സൂറത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറിയതോടെ സർക്കാർ പ്രതിസന്ധിയിൽ. ഷിൻഡെയെ ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കി. അജയ് ചൗധരിയാണ് പുതിയ ചീഫ് വിപ്പ്. 
ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്. പൊതുമരാമത്ത്, നഗരവികസന കാര്യ മന്ത്രിയാണ് ഷിൻഡെ. പാർട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അടുത്തിടെ ഷിൻഡെ പരാതി ഉന്നയിച്ചിരുന്നു
ബിജെപിയാണ് മഹാരാഷ്ട്രയിലെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഫഡ്‌നാവിസ് ഉടനെ ഗുജറാത്തിലേക്ക് പോയി ഷിൻഡെയെയും എംഎൽഎമാരെയും കാണുമെന്നാണ് സൂചന. എന്നാൽ എംഎൽഎമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു
288 അംഗ നിയമസഭയിൽ 165 അംഗങ്ങളുടെ പിന്തുണയാണ് ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാരിനുള്ളത്. ഇന്ന് ഉദ്ദവ് താക്കറെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിൽ ശിവസേനയുടെ 15 എംഎൽഎമാർ മാത്രമാണ് എത്തിയത്. 56 എംഎൽഎമാരാണ് ശിവസേനക്കുള്ളത്. ഇതോടെ മുഖ്യമന്ത്രി പദം ഒഴിയാൻ ഉദ്ദവ് താക്കറെ സന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.