ന്യൂ ഡെൽഹി:
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചു. 17 പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നാണ് യശ്വന്ത് സിൻഹയെ തീരുമാനിച്ചത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് സിൻഹയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കണമെന്ന ഉപാധി അംഗീകരിച്ചതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് രാഷ്ട്രപതി സ്ഥാനാർഥിയായി അംഗീകരിക്കപ്പെട്ടത്
എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് യശ്വന്ത് സിൻഹയുടെ പേര് ആദ്യം നിർദേശിച്ചത്. ഇതിന് പിന്നാലെ സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. ഇത് അദ്ദേഹം അംഗീകരിക്കുകയായിരുന്നു. 
കൂടുതൽ കക്ഷികളും യശ്വന്ത് സിൻഹക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യോഗത്തിൽ വരാതിരുന്ന ആം ആദ്മി പാർട്ടിയും തെലങ്കാന രാഷ്ട്രീയ സമിതിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ പാർട്ടികൾ വരും ദിവസങ്ങളിൽ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.