യശ്വന്ത് സിൻഹ പൊതുസമ്മതനോ?

ന്യൂഡൽഹി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ തീരുമാനിച്ചു. ഏകകണ്ഠേനയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാർട്ടികൾ ചേർന്ന്‌ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ്‌ ജയറാം രമേശ് പറഞ്ഞു.

അതേസമയം ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞ് ബിജെപി വിട്ട യശ്വന്ത് സിൻഹ എങ്ങനെയാണ് പൊതുസമ്മതനാകുക എന്ന ചോദ്യം ഉയർന്ന് കഴിഞ്ഞു.

ആദ്യഘട്ടം മുതൽ തന്നെ പ്രതിപക്ഷ സ്ഥാനാർഥിയായി പരിഗണിക്കുന്നവരുടെ പേരുകളിൽ സിൻഹയുടെ പേരും ഉയർന്ന് കേട്ടിരുന്നു.

കഴിഞ്ഞ ദിവസം ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ സിൻഹയുമായി സംസാരിച്ചിരുന്നു. ബിഹാറിൽ നിന്നുള്ള ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു യശ്വന്ത് സിൻഹ. അങ്ങനെയൊരാൾ സ്ഥാനാർഥിയാകുന്നതിലൂടെ എൻഡിഎയിൽ ഒരു കോട്ടം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലുമുണ്ട്. നിതീഷ്‌ കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു ബിഹാറുകാരൻ രാഷ്ട്രപതിയാകണമെന്ന ആഗ്രഹമുണ്ടാകുകയാണെങ്കിൽ അത് മുതലെടുക്കാമെന്ന ഒരു ലക്ഷ്യം ഈ തീരുമാനത്തിലുണ്ടോയെന്നും വരും ദിവസങ്ങളിൽ വ്യക്തമാകും.

ബിഹാറിൽ നിന്നും രാജേന്ദ്ര പ്രസാദിന് ശേഷം മറ്റൊരു ബിഹാർ സ്വദേശി രാഷ്ട്രപതിയാകുന്ന സാഹചര്യം വന്നാൽ അതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനും നിലപാടിനും വലിയ പ്രസക്തിയുണ്ട്. യശ്വന്ത് സിൻഹയ്ക്ക് അനുകൂലമായ ഒരു തീരുമാനത്തിലേക്ക് നിതീഷ് കുമാർ എത്തിയാൽ അത് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മൊത്തം ചിത്രത്തെ തന്നെ മാറ്റാൻ പോന്നതായിരിക്കും.

അതേസമയം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഷ്ട്രപതി സ്ഥാനാർഥിയെ പ്രതിപക്ഷം പ്രഖ്യാപിക്കുന്നത്. ശരദ്‌ പവാർ, ഫാറൂഖ് അബ്ദുല്ല, ഗോപാൽ കൃഷ്ണ ഗാന്ധി അടക്കമുള്ള നേതാക്കൾ നേരത്തെ രാഷ്ട്രപതി സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെങ്കിലും ഇവർ പിന്മാറുകയായിരുന്നു.

Advertisement