അ​ഗ്നിപഥ് പ്രക്ഷോഭം: റെയിൽവേയ്ക്ക് വൻ നഷ്ടം; ബിഹാറിൽ ട്രെയിൻ സർവീസ് നിർത്തിവയ്ക്കുന്നു

പട്‌ന (ബിഹാർ): അ​ഗ്നി പഥ് പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ നിർത്തി വച്ച് റെയിൽവേ. പ്രതിഷേധക്കാർ വ്യാപകമായി ട്രെയിനുകൾ തീവച്ച് നശിപ്പിച്ചതോടെ റെയിൽവേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അധികൃതർ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചതായി റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമത്തിൽ ഗുവാഹത്തിയിൽ നിന്ന് ജമ്മുവിലേക്ക് പോകുന്ന ലോഹിത് എക്‌സ്പ്രസ് ട്രെയിനിന്റെ ആറ് കോച്ചുകൾ നശിപ്പിച്ചു. എന്നാൽ ട്രെയിനിലുണ്ടായിരുന്ന 1169 യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാസഞ്ചർ തീവണ്ടികൾക്ക് നേരെയും ആക്രമമുണ്ടായി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണെന്നും അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞുവരികയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു.

പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 170 പേർക്കെതിരേ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വാട്‌സാപ്പ് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അക്രമങ്ങളുടെ പിന്നിൽ സൈനിക പരിശീലനം നൽകുന്ന ചില സെന്ററുകളുടെ പങ്കിനെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖർ സിങ് പറഞ്ഞു.

ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് ആചരിച്ചു. ജനജീവിതം പൂർണമായും സ്തംഭിച്ചു. കടകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. ആളുകൾ വാഹനങ്ങളുമായി നിരത്തിലിറങ്ങിയില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ബന്ദ് ദിവസം തുറന്ന് പ്രവർത്തിച്ചത്. അക്രമം ഭയന്ന് പലയിടങ്ങളിലും ഇത്തരം കടകൾ പോലും തുറന്ന് പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ ബന്ദിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടായിരുന്നു.

സംസ്ഥാനത്ത് 12 ജില്ലകളിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ചില ആനുകൂല്യങ്ങൾ നൽകുകയും പ്രായപരിധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്താനും തയ്യാറാണെങ്കിലും പദ്ധതി പൂർണമായി ഒഴിവാക്കാൻ തയ്യാറല്ലെന്നാണ് കേന്ദ്ര നയം.

Advertisement