പുത്തൻ സമൂഹമാധ്യമ നയം അടുത്ത മാസം അവസാനത്തോടെ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യഘട്ടമായി പുത്തൻ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ നടപ്പാക്കുമെന്നാണ് സൂചന.

ഇത് സംബന്ധിച്ച പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരാതിക്കാരന് അപ്പീലുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിന് പകരം, പുതിയ അപ്പലേറ്റ് സംവിധാനത്തിലൂടെ പരാതികൾ സമർപ്പിക്കാം. പരാതികളിൽ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ്പലേറ്റ് കമ്മറ്റിയെ സമീപിക്കാൻ കഴിയും. കൂടാതെ, പരാതിക്കാരന് നേരിട്ട് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. കമ്പനികളുടെ പരാതി പരിഹാര ഓഫീസറല്ല അന്തിമ തീരുമാനമെടുക്കേണ്ടതെന്ന സൂചനയും കേന്ദ്രം നൽകുന്നുണ്ട്.

അപകീർത്തി, അശ്ലീലം പകർപ്പവകാശലംഘനം, ആൾമാറാട്ടം അടക്കം പത്ത് തരം പരാതികൾ ലഭിച്ചാൽ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുതുതായി പുറത്തിറക്കിയ കരടിൽ വ്യക്തമാക്കുന്നുണ്ട്.

Advertisement