നടൻ ഷാരൂഖ് ഖാന് കോവിഡ്

ന്യൂഡൽഹി: ബോളിവുഡ് നടൻ ഷാരൂഖ് ഖാന് കോവിഡ്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

മുഖത്ത് ബാൻഡേജ് വെച്ചുകെട്ടിയുള്ള ഷാരൂഖ് ഖാന്റെ വ്യത്യസ്ത മുഖത്തോടെയുള്ള ചിത്രത്തിന്റെ ടീസർ സാമൂഹിക മാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.

അടുത്തിടെ നിരവധി താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസമാണ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കാർത്തിക് ആര്യൻ, ആദിത്യ റോയ് കപൂർ തുടങ്ങി അടുത്തിടെ കോവിഡ് ബാധിച്ച താരങ്ങളുടെ കൂട്ടത്തിൽ അവസാനത്തേതാണ് ഷാരൂഖ് ഖാൻ.

ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ കേന്ദ്രമായ മുംബൈയിൽ കോവിഡ് കേസുകൾ ഗണ്യമായി ഉയരുകയാണ്. ജാഗ്രത പാലിക്കാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി.

Advertisement