ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ എണ്ണ വില്‍പ്പനയുടെ ഇടനിലക്കാരല്ല ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ വില്‍ക്കുന്നുവെന്ന രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് വന്‍ തോതില്‍ എണ്ണ ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങി മറ്റ് രാജ്യങ്ങള്‍ക്ക് വിറ്റ് ലാഭമുണ്ടാക്കാന്‍ തങ്ങള്‍ക്ക് ഭ്രാന്തുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി മറ്റ് രാജ്യങ്ങള്‍ക്ക് മറിച്ച് വില്‍ക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് കേട്ടുകേള്‍വി പോലും ഇല്ല. യൂറോപ്യന്‍ രാജ്യങ്ങളുടെ ഇരട്ടനിലപാടിനെയും അദ്ദേഹം ചോദ്യം ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന തങ്ങളുടെ രാജ്യങ്ങളെ മാറ്റി നിര്‍ത്തി ഇന്ത്യയെ യൂറോപ്പ് കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. യൂറോപ്പിന്റെ പ്രശ്‌നം ലോകത്തിന്റെ പ്രശ്‌നമാണെന്ന അവരുടെ ധാരണ ആദ്യം മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പ്രശ്‌നം യൂറോപ്പിന്റെ പ്രശ്‌നമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്തോ പസഫിക് പ്രശ്‌നങ്ങളിലോ ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികളിലോ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെടുന്നില്ല.

ഉപരോധം മൂലം റഷ്യ ഇന്ത്യയ്ക്ക് വിലകുറച്ച് എണ്ണ വില്‍ക്കുന്നതായി കഴിഞ്ഞ കുറേ ദിവസങ്ങളായി രണ്ട് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ കൊല്ലം ഒന്‍പത് തവണ ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതായും ഇവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിത്യവും 15 ലക്ഷത്തോളം വീപ്പ എണ്ണ ഇറക്കുമതി ചെയ്‌തെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്തിലെ റിലയന്‍സ്, നയാര എന്നീ രണ്ട് എണ്ണ ശുദ്ധീകരണശാലകളിലാണ് ഇവ ശുദ്ധീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. റോയിട്ടേഴ്‌സും വാള്‍ സ്ട്രീറ്റ് ജേര്‍ണലുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ നിത്യവും പടച്ച് വിടുന്നത്.