പുത്തന്‍ കൊലപാതകങ്ങള്‍: കശ്മീരി പണ്ഡിറ്റുകളെ വീണ്ടും ഭയം വിഴുങ്ങുന്നു

ശ്രീനഗര്‍: കഴിഞ്ഞ ദിവസമാണ് കശ്മീര്‍ താഴ് വരയില്‍ ഒരു അധ്യാപിക കൊല്ലപ്പെട്ടത്. ഇതോടെ, പ്രധാനമന്ത്രി പ്രത്യേക പുനരധിവാസ പാക്കേജിലൂടെയും പട്ടിക ജാതി ക്വാട്ടയിലൂടെയും ഇവിടേക്ക് എത്തിയിട്ടുള്ള കുടിയേറ്റ പണ്ഡിറ്റ് ജീവനക്കാരെയും ഹിന്ദുക്കളെയും ഭയം ഗ്രസിച്ചിരിക്കുന്നു.

ഇതോടെ തങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യവുമായി ഇവര്‍ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം നൂറ് കണക്കിന് കശ്മീരി പണ്ഡിറ്റുകളാണ് കുല്‍ഗാമിലെയും ശ്രീനഗറിലെയും ദേശീയ പാതകള്‍ ഉപരോധിച്ചത്. ഇവര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും തങ്ങള്‍ക്ക് നീതി കിട്ടുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ നേരില്‍ കണ്ട് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ ഭീകരത പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. അത്രയും കാലം തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത പക്ഷം തങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നു.

ഇവിടം വിട്ടാല്‍ വേതനം തടഞ്ഞ് വയ്ക്കുമെന്ന് അധികൃതര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. താഴ് വരയിലെ ഓഫീസുകളില്‍ ബലം പ്രയോഗിച്ചാണ് തങ്ങളെ എത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ ജീവന്‍ ഇത്തരത്തില്‍ ബലിനല്‍കാനാകി്ല്ല.

അധ്യാപികയുടെ കൊലപാതകത്തെ ഉന്നതര്‍ അപലപിച്ചു. ഭീകരരും അവരോട് അനുഭാവം പുലര്‍ത്തുന്നവരും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement