കൊൽക്കത്ത: നഗരത്തിൽ മറ്റൊരു മോഡലിനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. സരസ്വതി ദാസിനെ (18) ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മെയ്ക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി, കസ്ബ ബേഡിയാഡങ്കയിലെ വസതിയിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അമ്മയും അമ്മായിയും ജോലിക്ക് പോയതിന് ശേഷം രാത്രിയിലാണ് സരസ്വതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

‘ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുത്തശ്ശിയാണ് സരസ്വതിയെ ആദ്യം കണ്ടത്. ഉടനെ കുരുക്കു മുറിച്ചു യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്’ -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പിതാവ് ഉപേക്ഷിച്ചു പോയതിനാൽ സരസ്വതിയെ അമ്മയും അമ്മായിയുമാണു വളർത്തിയത്.

കൊൽക്കത്തയിൽ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ മോഡലാണ് സരസ്വതി. മുൻപ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാർ, പല്ലവി ഡേ എന്നീ മോഡലുകളുടെ മരണവുമായി സരസ്വതിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ സമൂഹമാധ്യമ ഇടപെടലുകൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.