ന്യൂഡല്‍ഹി: രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതാണെന്നും പിന്നെ എന്തുകൊണ്ട് നല്‍കിയില്ലെന്നും നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ ചോദിച്ചു.

ട്വിറ്ററിലൂടെയായിരുന്നു നഗ്മയുടെ വിമര്‍ശനം. ‘2003-04 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ, ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല’- എന്നാണ് നഗ്മയുടെ ട്വീറ്റ്.

രാജ്യസഭ സീറ്റ് കിട്ടാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. എന്റെ തപസ്യയില്‍ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നുവെന്നാണ് പവന്‍ ഖേര ട്വീറ്റ് ചെയ്തത്.

രാജ്യസഭ സീറ്റ് നിര്‍ണയത്തില്‍ കടുത്ത പ്രതിഷേധവുമായി രാജസ്ഥാന്‍ ഘടകവും രംഗത്തെത്തി. പുറത്ത് നിന്ന് നേതാക്കളെ പരിഗണിച്ചത് പുനപരിശോധിക്കണം. ഇല്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായേക്കുമെന്നും രാജസ്ഥാന്‍ ഘടകം അറിയിച്ചു.