ന്യൂഡെല്‍ഹി. ആധാർ വിവരങ്ങളുടെ സുരക്ഷിതതത്വത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ.
മാസ്ക് ചെയ്ത ആധാർ പകർപ്പ് മാത്രം പങ്കുവച്ചാൽ മതിയെന്ന മുന്നറിയിപ്പ് പിൻവലിച്ചതായി
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം അറിയിച്ചു. തെറ്റിദ്ധാരണയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ്
തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

UIDAI ബെംഗളൂരൂ റീജിയണൽ ഓഫിസിറക്കിയ മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ
അടിയന്തരമായി പിൻവലിക്കുന്നുവെന്ന് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.ആധാർ കാർഡിന്റെ പകർപ്പ് കൈമാറുന്നതു സംബന്ധിച്ച് പുറത്തിറക്കിയ നിർദേശം ആധാറിന്റെ സുരക്ഷിതത്വം
ചോദ്യം ചെയ്യുന്ന ചർച്ചകളിലേക്ക് നീണ്ടപ്പോഴാണ് ഐടി മന്ത്രാലയത്തിന്റെ തിടുക്കത്തിലുള്ള ഇടപെടൽ.


ആധാര്‍ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നാണ് പുതിയ അറിയിപ്പ്.
ആധാർ കാർഡിൽ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യമായ സൗകര്യങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
യുണീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നും യൂസർ ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്കു മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്കായി ആധാർ ഉപയോഗിക്കാൻ
അനുമതിയുള്ളൂവെന്ന് ഐടി മന്ത്രാലയം ആദ്യമിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.

ലൈസൻസില്ലാത്ത ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ ആധാർ കാർഡുകളുടെ പകർപ്പ് സ്വീകരിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യരുത്,സ്ഥാപനങ്ങൾ ആധാർ കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് യുഐഡിഎഐ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കാം, മാസ്ക് ചെയ്ത ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം തുടങ്ങിയ മുന്നറിയിപ്പുകളെല്ലാം ഉൾപ്പെടുന്ന
നിർദ്ദേശമാണ് പൊടുന്നനെ പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ വീഴ്ച മറയ്ക്കാനാണോ ആധാറിലെ മലക്കംമറിച്ചിലെന്ന ചോദ്യവും ഉയരുന്നുണ്ട്.