ഒഡിഷയിൽ ഗർഭസ്ഥ പെൺശിശുക്കളെ കൊല്ലുന്ന സംഘം പിടിയിൽ. അന്ത:സംസ്ഥാന അൾട്രാ സൗണ്ട് റാക്കറ്റിലെ പതിമൂന്ന് പേരാണ് പിടിയിലായത്. ലിംഗനിർണയം നടത്തി പെൺ ഭ്രൂണമാണെന്ന് കണ്ടെത്തിയാൽ ഗർഭഛിദ്രത്തിന് ഒത്താശ ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് ഒഡിഷ പൊലീസ് വ്യക്തമാക്കി.


ഒഡിഷയിലെ ബെർഹാംപുരിലാണ് ഗർഭസ്ഥ ശിശുക്കളുടെ ലിംഗനിർണയം നടത്തുന്ന അന്ത:സംസ്ഥാന റാക്കറ്റിലെ മുഖ്യകണ്ണികൾ പിടിയിലായത്. പെൺ ഭ്രൂണമാണെന്ന് കണ്ടെത്തിയാൽ ഗർഭഛിദ്രത്തിന് സൗകര്യമൊരുക്കുന്ന സംഘത്തിൽ ലാബ് ജീവനക്കാരും, ഒരു ആശ വർക്കറും അടക്കമാണ് അറസ്റ്റിലായത്. മൂന്ന് വർഷത്തിലേറെയായി സംഘം മേഖലയിൽ പ്രവർത്തിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അങ്കുലിയിൽ വീടിനോട് ചേർന്നാണ് വ്യാജ ക്ലിനിക് പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായ ദുർഗ പ്രസാദ് നായക് ആണ് സംഘത്തലവൻ. ഒഡിഷ പൊലീസ് നടത്തിയ റെയ്‌ഡിൽ 2005ൽ രാജ്യം നിരോധിച്ച പോർട്ടബിൾ അൾട്രാ സൗണ്ട് യന്ത്രം കണ്ടെത്തി. റെയ്‌ഡ്‌ നടക്കുന്ന സമയത്ത് പതിനൊന്ന് ഗർഭിണികൾ കെട്ടിടത്തിലുണ്ടായിരുന്നു. കൂട്ടുപ്രതികളായ ആശ വർക്കറും, ലാബ് ജീവനക്കാരും കമ്മീഷൻ വ്യവസ്ഥയിലാണ് പ്രവർത്തിച്ചിരുന്നത്. മേഖലയിലെ ചില ലാബ്-ആശുപത്രി ഉടമകൾക്ക് റാക്കറ്റുമായി ബന്ധമുണ്ടെന്നും, അന്വേഷണം പുരോഗമിക്കുന്നതായും ഒഡിഷ പൊലീസ് അറിയിച്ചു.