മലപ്പുറം.ലഡാക്കിൽ വാഹന അപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് ഷജലിൻ്റെ വിയോഗം ഉൾക്കൊള്ളാനാകാതെ കുടുംബവും, നാട്ടുകാരും.കഴിഞ്ഞ ഇരുപത് വർഷമായി സർവ്വീസിലുള്ള ഷജൽ രണ്ട് വർഷം കഴിഞ്ഞാൽ സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്.ഈ കഴിഞ്ഞ നോബിന് മുമ്പാണ് ഷജൽ നാട്ടിൽ വന്ന് തിരിച്ച് പോയത്.മരണസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ കുടുംബത്തിന് ലഭ്യമായിട്ടില്ല.

സുഹൃത്തുക്കൾ വഴിയും, മാധ്യമങ്ങൾ വഴിയും ലഭിച്ചില്ല അറിവ് മാത്രമാണ് കുടുംബത്തിനുള്ളത്. വിഷയത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി കേന്ദ്രവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം.

ലഡാക്കിൽ സൈനിക വാഹനം നദിയിൽ വീണ് ഏഴ് സൈനികർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കരസേനയുടെ നോർത്തേൺ കമാൻഡ്. മരിച്ച സൈനികരുടെ പേരുവിവരങ്ങൾ കരസേന പുറത്തുവിട്ടു. മലയാളിയായ ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ അടക്കമുള്ളവരാണ് ഇന്നലെ ലഡാക്കിലെ തുർതുക് മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചത്. അതേസമയം, പരുക്കേറ്റ 19 സൈനികർ ഹരിയാന പഞ്ച്കുലയിലെ കരസേനാ ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം പരപ്പനങ്ങാട് സ്വദേശി ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജൽ, സുബേദാർ ഷിൻഡെ വിജയ് റാവു സർജേറാവു, നായിബ് സുബേദാർ ഗുരുദയാൽ സാഹു, നായിക് സന്ദീപ് കുമാർ പാൽ, നായിക് ജാദവ് പ്രശാന്ത് ശിവജി, നായിക് രാമാനുജ് കുമാർ, ലാൻസ് നായിക് ബപ്പാദിത്യ ഖുട്ടിയ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കരസേനയുടെ നോർത്തേൺ കമാൻഡ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വേഗം ഭേദമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കരസേന വ്യക്തമാക്കി. പരുക്കേറ്റ സൈനികർക്ക് സാധ്യമായ എല്ലാ സഹായവും കരസേന നൽകുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു.