ന്യൂഡല്‍ഹി. കാലത്തിന്‍റെ ചുവരെഴുത്ത് തിരിച്ചറിയാന്‍സാധിക്കാത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിഷ്ക്രിയത്വം തുറന്നുകാട്ടിയാണ് കപിൽ സിബൽ പടിയിറങ്ങുന്നത്.
നെഹ്‌റു കുടുംബത്തിന് പുറത്തുള്ളയാള്‍ നേതൃത്വത്തിലേക്ക് വരണമെന്ന് പലതവണ തുറന്നാവശ്യപ്പെട്ട കപിൽ സിബൽ മറ്റ് പാർട്ടികളിലേക്കൊന്നും ചേക്കേറുന്നില്ലെന്ന് പ്രഖ്യാപിച്ചാണ് പാർട്ടി വിട്ടത്. ചിന്തൻശിബിര
തീരുമാനം നടപ്പാക്കി തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസിന് പ്രമുഖനേതാവിന്റെ പടിയിറക്കം വൻ തിരിച്ചടിയാണ്.

എതിർ ശബ്ദമില്ലാതെ രാഹുല്‍ ഗാന്ധി വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാനുള്ള സാഹചര്യമൊരുക്കിയ
ഉദയ്പൂർ ചിന്തൻ ശിബിരത്തിൽ അസാന്നിധ്യം കൊണ്ട് വാർത്താ തലക്കെട്ടിൽ കയറിയ ആളാണ്
കപിൽ സിബൽ. മൂന്ന് പതിറ്റാണ്ടോളം നെഹ്റു കുടുംബത്തിനൊപ്പം നിലയുറപ്പിച്ച സിബൽ, പാർട്ടി നിലപാടിനെതിരെ വ്യക്തമായി വിയോജിപ്പ് അറിയിച്ചാണ് വിടപറയുന്നത്. കോണ്‍ഗ്രസ്
വിട്ട് ബി ജെ പിയിലേക്കും മറ്റ് പാർട്ടികളിലേക്കും ചേക്കേറിയ മുൻഗാമികളുടെ വഴി അദ്ദേഹം തെരഞ്ഞെടുത്തില്ലെന്ന് മാത്രമല്ല, നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.16ന് രാജിവച്ച അദ്ദേഹം രാജ്യസഭാ സ്ഥാനാര്‍ഥിയായി സമാജ്വാദി പാര്‍ട്ടി പിന്തുണ നല്‍കുന്ന സ്വതന്ത്രനായി മല്‍സരിക്കും
1998ൽ ബിഹാറിൽ നിന്ന് രാജ്യസഭയിലെത്തിയ കപിൽ സിബൽ 2004ലും 2009ലും ചാന്ദ്നിചൗക്കിൽ നിന്ന് ലോക്സഭയിലുമെത്തി. യുപിഎ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരിലൊരാളായ കപില്‍ സിബലിന്‍റെ നിയമപാണ്ഡിത്യം എന്നും കോണ്‍ഗ്രസിനെ തുണച്ചിരുന്നു. കോൺഗ്രസിൽ സംഘടനാ നവീകരണം ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ, സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനായ കപിൽ സിബൽ, മറ്റുനേതാക്കൾ അനുനയ ചർച്ചകൾക്ക്
തയ്യാറായപ്പോഴും ഒരിഞ്ചുപോലും പിൻമാറിയില്ല.

നെഹ്റു കുടുംബം നേതൃത്വത്തിൽ നിന്ന് മാറി സമൂല അഴിച്ചുപണിയെന്ന ആവശ്യം നേതൃത്വം അംഗീകരിക്കില്ലെന്ന് ചിന്തൻ ശിബിരത്തോടെ വ്യക്തമായതും സിബലിനെ പാർട്ടിവിടുന്ന തീരുമാനത്തിലേക്ക് വേഗമെത്തിച്ചു.വിമത സ്വരമായി ഒപ്പം ഉണ്ടായിരുന്ന ജി 23 നേതാക്കളെ പുതുതായി രൂപീകരിച്ച സമിതികളിൽ കോൺഗ്രസ് അധ്യക്ഷ
വിദഗ്ധമായി ഉൾപ്പെടുത്തിയതിന്റെ പിറ്റേന്നാണ് കപിൽ സിബൽ കോൺഗ്രസ് വിട്ടെന്ന് പ്രഖ്യാപിച്ചതെന്നതും
ശ്രദ്ധേയം.