ഗുവാഹത്തി: പൊലീസ് പിടികൂടിയ മല്സ്യവില്പ്പനക്കാരന് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്റ്റേഷന് കത്തിച്ചു.
അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ജനക്കൂട്ടം പൊലീസ് സ്റ്റേഷന് അക്രമിക്കുന്നതിന്റെയും പൊലീസുകാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ശേഷം, പൊലീസുകാരൈ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന് കത്തിക്കുകയും ചെയ്തു.
സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പൊലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പതിനായിരം രൂപയും താറാവും വേണം എന്നാവശ്യപ്പെട്ടാണ് ഇയാളെ വിടാതിരുന്നതെന്നാണ് ആരോപണം.
രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി.