ന്യൂഡെല്‍ഹി.ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി. പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതിയുടെ ശുപാർശ. സമിതിയുടെ റിപ്പോർട്ട് പരസ്യമാക്കരുതെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തുടർനടപടികൾക്കായി റിപ്പോർട്ട് തെലങ്കാന ഹൈക്കോടതിക്ക് അയച്ചു കൊടുത്തു.

2019 നവംബർ 27ന് രാത്രിയിൽ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാൽസംഗം നടത്തിയ കേസിലെ പ്രതികളെയാണ് പൊലീസ് വെടിവച്ചു കൊന്നത്. ബലാൽസംഗം നടന്ന ഹൈദരാബാദിലെ NH 44ൽ വച്ചുതന്നെ നാല് പ്രതികളും കൊല്ലപ്പെടുകയായിരുന്നു.

2019 ഡിസംബർ 12നാണ് ജസ്റ്റിസ് വി.എസ്. സിർപുർകർ അധ്യക്ഷനായ സമിതിയെ അന്വേഷണ കമ്മീഷനായി സുപ്രീംകോടതി നിയോഗിച്ചത്.

പ്രതികൾ തോക്കുകൾ തട്ടിയെടുത്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന പൊലീസ് വിശദീകരണം അവിശ്വസനീയമെന്നാണ് ജസ്റ്റിസ് വി.എസ്. സിർപുർകർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തൽ. പൊലീസിന്റെ വിശദീകരണത്തിന് തെളിവില്ല. കൊല്ലപ്പെട്ട നാല് പേരിൽ കുറഞ്ഞത് രണ്ട് പേരെങ്കിലും പ്രായപൂർത്തിയാകാത്തവരാണ് എന്ന് പൊലീസിന് ബോധ്യമുണ്ടായിരുന്നു. എന്നിട്ടും കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ വെടിവച്ചുവെന്ന് സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

അതിനാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്ന് സമിതി ശുപാർശ നൽകി. റിപ്പോർട്ട് പരിഗണിച്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്, ഹർജിക്കാർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ ഉത്തരവിട്ടു. തെലങ്കാന സർക്കാർ എതിർത്തെങ്കിലും, രഹസ്യാത്മകത സൂക്ഷിക്കാൻ മാത്രം റിപ്പോർട്ടിൽ ഒന്നുമില്ലെന്ന് നിരീക്ഷിച്ചു. പൊതു അന്വേഷണമാണ് നടന്നതെന്നും കൂട്ടിച്ചേർത്തു.