’13 കാരിയായ സഹോദരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി’; 17 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: രണ്ട് വർഷമായി 13 കാരിയായ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്‌തെന്ന കേസിൽ 17 കാരൻ അറസ്റ്റിലായി.
നഗരത്തിലെ സൈബരാബാദ് കമ്മീഷനറേറ്റ് പരിധിയിലാണ് സംഭവം. ‘ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂടുതൽ അന്വേഷണം നടത്തിവരുകയാണ്,’ ബാച്ചുപള്ളി ഇൻസ്‌പെക്ടർ കെ നരസിംഹ റെഡ്ഡി പറഞ്ഞു.

ആൺകുട്ടി രണ്ടാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിയും പെൺകുട്ടി ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾ നഗരത്തിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്.

‘സഹോദരനെ ഭയന്ന് പീഡനത്തിനിരയായ പെൺകുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ആർത്തവം നിലച്ചതോടെ പെൺകുട്ടി അമ്മയെ വിവരം അറിയിച്ചു.
ഗച്ചിബൗളിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ നാലര മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന്, സഹോദരൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിവരം പെൺകുട്ടി അമ്മയോട് പറഞ്ഞു.

അമ്മ അവളെ സെക്കന്തരാബാദിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗർഭം അലസിപ്പിക്കാൻ ചൈൽഡ് ലൈനിനെ സമീപിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ചൈൽഡ് ലൈൻ മുഖേന പെൺകുട്ടിയെ നഗരത്തിലെ ഭരോസ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗൺസിലിങ്ങിന് ശേഷം പെൺകുട്ടിയെയും മാതാപിതാക്കളെയും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.’, പൊലീസ് അറിയിച്ചു.

Advertisement