വയോജനങ്ങൾക്ക് പെൻഷനൊപ്പം നിക്ഷേപവും; മാസം 10,000 രൂപ വരെ പെൻഷൻ; ഉടൻ ചേരാം പദ്ധതിയിൽ

Advertisement

ന്യൂഡൽഹി: ജീവിതത്തിന്റെ സായാഹ്നത്തിൽ സുരക്ഷിത ജീവിതം ആ​ഗ്രഹിക്കുന്നവരാണ് എല്ലാവരും. ജോലി തീർത്ത് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ ജോലിയുള്ള കാലത്തെ നിക്ഷേപവും പെൻഷനുമാണ് ഇവർക്ക് ആശ്രയമാവുന്നത്.

എന്നാൽ പരമ്പരാഗത നിക്ഷേപങ്ങളായ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് കുറയുന്നതും ലഘുസമ്പാദ്യ പദ്ധതികൾ ആകർഷകമല്ലാത്തതും ഇത്തരക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പെൻഷനും ഇല്ലാത്തവർ എങ്ങനെ വിരമിക്കൽ കാലം മുന്നോട്ട് കൊണ്ടുപോകുമെന്നതും പ്രയാസകരമാണ്. ഇതിനെ മറികടക്കാനും മുതിർന്നവരുടെ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി വയ വന്ദന യോജന അഥവാ പിഎംവിവിവൈ ആരംഭിച്ചത്. 2020 ൽ ആരംഭിച്ച പദ്ധതി 2023 മാർച്ച്‌ 31 നീട്ടിയത് വയോജനങ്ങൾക്ക് മികച്ച അവസരമാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ നഷ്ട സാധ്യതകളില്ലാതെ നിക്ഷേപം നടത്താവുന്നതാണ്.

അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ഉയർന്ന പ്രായ പരിധി ഈ പദ്ധതിക്കില്ല. ചേരാൻ ഉദ്യേശിക്കുന്നവർ 2023 മാർച്ച്‌ 31നകം പദ്ധതിയുടെ ഭാ​ഗമാകേണ്ടതുണ്ട്. പത്ത് വർഷമാണ് പദ്ധതി കാലാവധി. ഈയിടെയാണ് കേന്ദ്രസർക്കാർ 2023 വരെ പദ്ധതി നീട്ടിയത്. പദ്ധതിയുടെ വാർഷിക പലിശയും ഈയിടെ സർക്കാർ പുതുക്കി. 2022-23 സാമ്പത്തിക വർഷത്തിൽ പിഎംവിവിവൈയിൽ ചേരുന്നവർക്ക് 7.40 ശതമാനം വാർഷിക പലിശ ലഭിക്കും. ഈ നിരക്ക് കാലാവധി പൂർത്തിയാകുന്നത് വരെ നിക്ഷേപകന് ലഭിക്കും. ഒരു നിക്ഷേപ പദ്ധതിയായി പരി​ഗണിക്കുന്നതിനാൽ പിഎംവിവിവൈ ക്ക് നികുതിയിളവ് ലഭിക്കുന്നില്ല. പദ്ധതിക്ക് ജിഎസ്ടിയിൽ ഇളവുണ്ട്.

എത്ര പെൻഷൻ വേണമെന്നത് പദ്ധതിയിൽ ചേരുന്നയാൾക്ക് തീരുമാനിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ ലഭിക്കുന്നത്. പദ്ധതിയിൽ ചേരാനുള്ള കുറഞ്ഞ നിക്ഷേപ പരിധി ഒന്നര ലക്ഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഒന്നര ലക്ഷം നിക്ഷേപിച്ചയാൾക്ക്
കുറഞ്ഞ മാസ പെൻഷനായ 1,000 രൂപ ലഭിക്കും. ഉയർന്ന മാസ പെൻഷൻ 9,250 രൂപ ലഭിക്കാൻ ഉയർന്ന നിക്ഷേപമായ 15 ലക്ഷം നിക്ഷേപിക്കണം. പദ്ധതിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് മാസ പെൻഷൻ നിശ്ചയിക്കുന്നത്.

ത്രൈമാസത്തിൽ 3,000 രൂപയും അർധ വാർഷത്തിൽ 6,000 രൂപയും വർഷത്തിൽ 12,000 രൂപയും പിഎംവിവിവൈ യിൽ കുറഞ്ഞ പെൻഷനായി ലഭിക്കും. ഉയർന്ന പെൻഷൻ ത്രൈമാസത്തിൽ 27,750 രൂപയാണ്. അർധ വർഷത്തിൽ 55,500 രൂപയും വർഷത്തിൽ 1,11,000 രൂപയും ലഭിക്കും. മാസ പെൻഷനാണ് തിരഞ്ഞെടുത്തതെങ്കിൽ പദ്ധതിയിൽ ചേർന്ന് ആദ്യമാസത്തിൽ തന്നെ പെൻഷൻ ലഭിച്ചു തുടങ്ങും. നാഷണൽ ഇല്ക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴിയോ ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം വഴിയോ ആണ് പെൻഷൻ തുക ലഭിക്കുക

ഗുരുതര രോഗാവസ്ഥയിൽ ചികിത്സയ്ക്കായി നിക്ഷേപകന് തുക പിൻവലിക്കാനുള്ള സൗകര്യമുണ്ട്. നിക്ഷേപകന്റെയോ ഭാര്യയുടെയോ ചികിത്സയ്ക്കാണ് പണം അനുവദിക്കുക. ഇത്തരത്തി. പണം പിൻവലിക്കലിക്കുമ്പോൾ നിക്ഷേപിച്ച തുകയുടെ 98 ശതമാനം തിരികെ ലഭിക്കും.
നിക്ഷേപിച്ച്‌ മൂന്ന് വർഷം പൂർത്തിയായാൽ വായ്പ അനുവദിക്കും. പർച്ചേസ് വിലയുടെ 75 ശതമാനം വായ്പയായി നൽകും. നിക്ഷേപ കാലയളവിനുള്ളിൽ നിക്ഷേപകൻ മരണപ്പെട്ടാൽ പർച്ചേസ് തുക മുഴുവനും അവകാശികൾക്ക് ലഭിക്കും. കാലാവധി പൂർത്തിയായിൽ പർച്ചേസ് വിലയ്‌ക്കൊപ്പം അവസാന പെൻഷനും നിക്ഷേപകന് ലഭിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും പദ്ധതിയിൽ ചേരാം. എൽഐസി ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ഓൺലൈനായും ബ്രാഞ്ചുകളും ഏജന്റുമാർ വഴിയും പദ്ധതിയിൽ ചേരാം.

Advertisement