ഗുണ.മധ്യപ്രദേശിൽ മൃഗ വേട്ടക്കാർ മൂന്ന് പൊലീസുകാരെ വെടിവച്ചു കൊന്നു. ഗുണ ജില്ലയിലെ വനമേഖലയിൽ ഇന്ന് പുലർച്ചെ രണ്ടേ മുക്കാലോടെയാണ് സംഭവം. കൃഷ്ണമൃഗത്തെയും, മയിലിനെയും വേട്ടയാടുന്ന സംഘമാണ് പൊലീസിന് നേർക്ക് ആക്രമണം നടത്തിയത്. മൃഗവേട്ട നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേർക്ക് വേട്ടക്കാർ നിറയൊഴിക്കുകയായിരുന്നു.
രക്ഷപ്പെട്ട വേട്ടക്കാരിൽ ആറു പേരെ തിരിച്ചറിഞ്ഞു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉന്നത തല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ച പൊലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവ സ്ഥലത്ത് വൈകിയെത്തിയ ഗ്വാളിയോർ റേഞ്ച് ഐ.ജി. അനിൽ ശർമയെ സ്ഥലം മാറ്റി.