ഉദയ്പൂർ.വിഭജനത്തിന്റെ രാഷ്ട്രീയമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് സോണിയ ഗാന്ധി.
ന്യൂനപക്ഷത്തെ വേട്ടയാടി അരക്ഷിതാവസ്ഥയിൽ ജീവിക്കാൻ നിർബന്ധിതരാക്കുന്നു. ബിജെപി എന്ന വിദ്വേഷ വൈറസിനെ തുരത്താൻ കോൺഗ്രസ് ആത്മ പരിശോധന നടത്തി കരുത്താർജിക്കണമെന്നും സോണിയാ ഗാന്ധി . ബിജെപിയെ ചെറുക്കാൻ , വൻമാറ്റങ്ങൾ സംഘടന തലത്തിൽ വരുത്താനുള്ള ആലോചനകളിലേക്ക് കടന്നിരിക്കുകയാണ് ഉദയ്പൂർ ചിന്തൻ ശിബിർ.


ഭയത്തിലും അരക്ഷിതാവസ്ഥയിലും നിരന്തരം ജീവിക്കാൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ തള്ളിവിടുകയാണ് കേന്ദ്രസർക്കാർ.
ദളിത്, ആദിവാസി വിഭാഗങ്ങളെ
ഇരകളാക്കുകയും പലപ്പോഴും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക എന്ന നയമാണ് ബി ജെ പിക്ക് എന്നും സോണിയ ഗാന്ധി പറഞ്ഞു. പരമാവധി ഭരണ നിര്‍വഹണം എന്ന മുദ്രാവാക്യം കൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ കൂട്ടാളികളും യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായെന്നും സോണിയ പരിഹസിച്ചു.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു.
മഹാത്മ ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നു. ജവഹർലാൽനെഹ്റുവിന്റെ സംഭാവനകളും ത്യാഗവും ചരിത്രത്തിൽ നിന്ന് മറയ്ക്കുകയാണ് ബി ജെ പി യുടെ ലക്ഷ്യം. കർഷക പ്രക്ഷോഭമവസാനിപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. ഇടപെടേണ്ട വിഷയങ്ങളിൽ മൗനം പാലിക്കുകയാണ് പ്രധാനമന്ത്രിയെന്നും സോണിയ വിമർശിച്ചു