മുംബൈ: പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ 50 കരൾമാറ്റ ശസ്ത്രക്രിയകൾ പ്രതിഫലമായി ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സോനൂ സൂദ്.

50 പേർക്ക് സൗജന്യമായി കരൾമാറ്റ ശസ്ത്രക്രിയ ചെയ്ത് നൽകിയാൽ പരസ്യചിത്രത്തിൽ അഭിനയിക്കാമെന്നാണ് സോനു ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇത്രയും ശസ്ത്രക്രിയകൾക്ക് ഏതാണ്ട് 12 കോടിയോളം രൂപ വരും. ദ മാൻ മാസികക്ക് നൽകിയ അഭിമുഖത്തിലാണ് സോനുവിന്റെ വെളിപ്പെടുത്തൽ.

“ഞാൻ ദുബായിലേക്കുള്ള യാത്രയിലായിരുന്നു. അപ്പോഴാണ് ഒരു പ്രമുഖ ആശുപത്രിയിൽ നിന്ന് ഒരാൾ എന്നെ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ അറിയിച്ചു. ഞാൻ അവരുടെ ആശുപത്രിയെ പ്രൊമോട്ട് ചെയ്യാമെന്ന് അറിയിച്ചു. പകരമായി 50 ആളുകളുടെ കരൾമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തി നൽകണമെന്ന് ഞാനവരോട് ആവശ്യപ്പെട്ടു. അതിന് 12 കോടിയോളം രൂപ ചിലവ് വരും”- സോനു പറഞ്ഞു. ചികിത്സാ ചിലവുകൾ വഹിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർക്കാണ് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുക എന്ന് സോനു അറിയിച്ചു.

മുമ്പും ജനസേവനമപ്രവർത്തനങ്ങളിലൂടെ താരം ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് സ്വന്തം നാടുകളിലേക്ക് പോകാനാവാതെ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വീട്ടിലേക്ക് പോകാൻ ബസ്സ് സൗകര്യം ഒരുക്കി സോനു വാർത്തകളിൽ നിറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here