ന്യൂഡെല്‍ഹി. രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപ്രീംകോടതിയുടെ ചരിത്ര ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പ് ചുമത്തി FIR എടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രധാന തീരുമാനം.


രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ചരിത്രപരമായ തീരുമാനം പരമോന്നത കോടതിയിൽ നിന്നുണ്ടായത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A വകുപ്പ് ചുമത്തി FIR എടുക്കരുതെന്ന് കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകൾ, അപ്പീലുകൾ, വിചാരണ നടപടികൾ എന്നിവയ്ക്കാണ് അനിശ്ചിത കാലത്തേക്ക് സ്റ്റേ. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. 124A വകുപ്പ് പുനഃപരിശോധിക്കാനും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന് അനുമതി നൽകി.

പൊതുതാൽപര്യഹർജികൾ പരിഗണിച്ച ആദ്യദിവസം മുതൽ തന്നെ കൊളോണിയൽ നിയമത്തിന്റെ സാധുതയെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ തുടങ്ങിയവർക്കെതിരെ പ്രയോഗിച്ച നിയമമെന്നായിരുന്നു കോടതി അന്ന് പറഞ്ഞത്. എന്തായാലും, 162 വർഷമായി തുടരുന്ന രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്യുന്നത് ചരിത്രത്തിൽ ആദ്യം

പ്രഥമദൃഷ്ട്യാ തന്നെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 A ഭരണഘടന വിരുദ്ധമാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയ 13,000 കേസുകൾ രാജ്യത്തുണ്ട്. 800 പേർ ജയിലിൽ കഴിയുന്നുവെന്നും ചൂണ്ടിക്കാട്ടി. രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജികൾ ജൂലായിൽ വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here