ന്യൂ ഡെൽഹി :കോൺഗ്രസിൻ്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രിക വടിയോ ഇല്ല എന്ന് സോണിയാഗാന്ധി. വ്യക്തികളുടെ ആത്മവീര്യം തകർക്കാതെയുള്ള സ്വയം വിമർശനം വേണമെന്ന് ചിന്തൻ ശിബിരത്തിന് മുന്നോടിയായുള്ള ആമുഖ പ്രസംഗത്തിൽ
G 23 നേതാക്കളെ ഉന്നംവച്ച് സോണിയ ഗാന്ധി പറഞ്ഞു. ചിന്തൻ ശിബിരത്തിൽ അവതരിപ്പിക്കാനുള്ള സമിതി റിപ്പോർട്ടുകളിൽ പ്രവർത്തകസമിതി യോഗത്തിൽ പ്രാഥമിക ചർച്ച നടന്നു.

ചിന്തൻ ശിബിരത്തെ വഴിപാടായി കാണരുതെന്ന് മുന്നറിപ്പ് നൽകിയാണ് സോണിയ ഗാന്ധി പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്തത്.മാന്ത്രിക വിദ്യകൾക്കും,
കുറുക്കുവഴികൾക്കും പകരം പാർട്ടിയെ ശക്തിപ്പെടുത്താൻ ആത്മാർത്ഥമായ ശ്രമം വേണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടു. പ്രത്യയ ശാസ്ത്രപരമായും സംഘടനാപരവുമായും വെല്ലുവിളി നേരിടാൻ കോൺഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ശിബിരം മാറണമെന്നും യോഗത്തെ സോണിയ അറിയിച്ചു.


അതേസമയം G 23 നേതാക്കൾക്ക് പരോക്ഷ വിമർശനവും സോണിയ ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. പാർട്ടി വേദികളിൽ സ്വയം വിമർശനം വേണം, എന്നാൽ അത് വ്യക്തികളുടെ ആത്മവീര്യവും വിശ്വാസവും തകർത്തു കൊണ്ടാകരുത്. പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ ഒന്നിച്ചു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സോണിയ നേതാക്കളെ ഓർമിപ്പിച്ചു.ഉപസമിതികൾ സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തിയ പ്രവർത്തകസമിതി
ചിന്തൻ ശിബരത്തിൽ വിശദമായി ചർച്ച നടത്തും. 13 മുതൽ 15 വരെ ഉദയ്പൂരിലാണ് ചിന്തൻ ശിബിരം .