റിലയൻസും രൂപയും ഇടറി വീണു; വിപണിയിൽ തിരിച്ചടി തുടരുന്നു; സെൻസെക്‌സിൽ 365 പോയിന്റ് ഇടിവ്

മുംബൈ: പ്രതികൂല ആഗോള ഘടകങ്ങളുടേയും യുഎസ് ഡോളറിനെതിരായ രൂപയുടെ റെക്കോഡ് മൂല്യത്തകർച്ചയും കാരണം ആഭ്യന്തര വിപണികളിൽ ഇടിവ്.

ഇതിനോടൊപ്പം ഹെവിവെയിറ്റ് ഇൻഡക്‌സ് ഓഹരിയും ഏറ്റവും വലിയ സ്വകാര്യ കമ്പനിയുമായ റിലയൻസ് ഇൻഡ്‌സ്ട്രീസിന്റെ ഓഹരികളിൽ പ്രവർത്തനഫലം പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിൽപ്പന സമ്മർദവും പ്രധാന സൂചികകളെ പിന്നോട്ടടിച്ചു. ഒരു ഘട്ടത്തിൽ 16,150 നിലവാരത്തിലേക്ക് നിഫ്റ്റി വീണിരുന്നെങ്കിലും ഐടി ഓഹരികളിലെ ഉണർവിന്റെ പിൻബലത്തിൽ നില മെച്ചപ്പെടുത്താനായത് ആഘാതം കുറച്ചു.

തിങ്കളാഴ്ചത്തെ വ്യാപാരത്തിന് ഒടുവിൽ എൻഎസ്‌ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50, 109 പോയിന്റ് ഇറങ്ങി 16,302-ലും ബിഎസ്‌ഇയുടെ മുഖ്യ സൂചികയായ സെൻസെക്‌സ് 365 പോയിന്റ് നഷ്ടത്തിൽ 54,471-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചികയുടെ ഉയർന്ന നിലവാരം 16,403-ലും താഴ്ന്ന നിലവാരം 16,142-ലും രേഖപ്പെടുത്തി. സമാനമായി എൻഎസ്‌ഇയിലെ മിഡ് കാപ്-100 സൂചിക 1.78 ശതമാനവും സ്‌മോൾ കാപ്-100 സൂചിക 2.12 ശതമാനവും ഇടിവോടെയാണ് ക്ലോസ് ചെയ്തത്. എൻഎസ്‌ഇയിലെ ബാങ്ക് ഓഹരികളുടെ പ്രധാന സൂചികയായ നിഫ്റ്റി ബാങ്ക് 316 പോയിന്റ് നഷ്ടത്തോടെ 34,275-ലും വ്യാപാരം അവസാനിപ്പിച്ചു

എൻഎസ്‌ഇയിലെ 15 ഓഹരി വിഭാഗം സൂചികകളിൽ 14 എണ്ണവും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐടി വിഭാഗം സൂചിക മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്. മീഡിയ, മെറ്റൽ, പി.എസ്.യു ബാങ്ക്, ഓയിൽ & ഗ്യാസ് വിഭാഗം സൂചികകൾ 2 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. കൺസ്യൂമർ ഡ്യൂറബിൾസ്, റിയാൽറ്റി, എഫ്‌എംസിജി വിഭാഗം സൂചികകൾ ഒരു ശതമാനത്തിലേറെ താഴ്ന്നു.

അതേസമയം എൻഎസ്‌ഇയിൽ തിങ്കളാഴ്ച വ്യാപാരം പൂർത്തിയാക്കിയ ആകെ 2,159 ഓഹരികളിൽ 511 എണ്ണം മാത്രമാണ് മുന്നേറിയത്. 1,590 ഓഹരികളും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ അഡ്വാൻസ് ഡിക്ലെയിൻ റേഷ്യോ എട്ടാമത്തെ ദിവസവും ഒന്നിന് താഴെ തുടരുകയാണ്. ഇതിനിടെ വിക്സ് നിരക്കുകൾ 4 ശതമാനത്തേളം ഉയർന്ന് 22.03-ലേക്കെത്തി.

യുഎസിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വീണ്ടും പലിശ നിരക്ക് വർധിപ്പിക്കുമെന്നതും കോവിഡുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ കർശനമാക്കുന്നത് ആഗോള സമ്പദ് ശക്തിയായ ചൈനയെ തളർത്തിയേക്കുമെന്ന നിഗമനങ്ങളുമാണ് ആഗോള വിപണികളെ സമ്മർദത്തിലാഴ്ത്തുന്നത്. തിങ്കളാഴ്ചത്തെ നിഫ്റ്റിയുടെ ചാർട്ട് പരിശോധിച്ചാൽ താഴ്ന്ന നിലവാരത്തിൽ നിന്നും ചെറുതായി നില മെച്ചപ്പെടുത്തിയതായി കാണാനാവും. എങ്കിലും പൊതുസാഹചര്യം നെഗറ്റീവാണ്.

എന്നിരുന്നാലും നിഫ്റ്റി സൂചിക 16,200 നിലവാരത്തിന് മുകളിൽ പിടിച്ചു നിൽക്കാൻ സാധിച്ചാൽ 16,450- 16,550 നിലവാരത്തിലേക്ക് പുൾബാക്കി റാലി നടന്നേക്കാം. അതേസമയം 16,200 നിലവാരം തകർന്നാൽ വിൽപന സമ്മർദം വീണ്ടും ശക്തമാകും. ഇത് സൂചികയെ 16,100 നിലവാരത്തിലേക്ക് തള്ളിവിടാം.

34,000 നിലവാരത്തിൽ നേരത്തെ സൃഷ്ടിക്കപ്പെട്ടിരുന്ന ഗ്യാപ്, കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി സൂചിക നികത്തിയിരുന്നു. ഈ നിലവാരത്തിന് മുകൡ പിടിച്ചു നിൽക്കാനായാൽ സൂചികയിൽ ആശ്വാസ റാലി ലഭിക്കാം. തൊട്ടടുത്ത ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധം 34,600- 34,800 നിലവാരങ്ങളിൽ പ്രതീക്ഷിക്കാം. ഈ നിലവാരം ഭേദിക്കാനായാൽ ഷോർട്ട് കവറിങ്ങിന് പ്രേരിപ്പിക്കും. ഇത് വീണ്ടും സൂചികയെ 35,500 നിലവാരത്തിലേക്ക് ഉയർത്തിയേക്കും. അതേസമയം സൂചികയുടെ 34,000 നിലവാരത്തിലെ പിന്തുണ തകർക്കപ്പെട്ടാൽ 32,500-ലേക്ക് ബാങ്ക് നിഫ്റ്റി വീഴാമെന്നും വിപണി വിദഗ്ധർ സൂചിപ്പിച്ചു.

Advertisement