ചെന്നൈ: ദമ്ബതികളെ കൊലപ്പെടുത്തി കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. വിശദമായ അന്വേഷണം നടക്കുന്നു.

വ്യവസായിയായ ചെന്നൈ മൈലാപ്പുര്‍ വൃന്ദാവന്‍ സ്ട്രീറ്റിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (58), ഭാര്യ അനുരാധ (55) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശിയായ കൃഷ്ണ, സുഹൃത്ത് രവി എന്നിവരാണ് പിടിയിലായത്. നേപ്പാളിലേക്ക് കടക്കുന്നതിനിടെ ആന്ധ്രയിലെ ഓങ്കോളില്‍ നിന്നാണ് പ്രതികളെ നാടകീയമായി പോലീസ് പിടികൂടിയത്.

മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തോളമായി യുഎസ്സിലായിരുന്ന ദമ്ബതികള്‍, ഇന്നലെ പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട്, സഹായി രവിയുമായി ചേര്‍ന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഇസിആറിലെ ഫാം ഹൗസില്‍ കുഴിച്ചിട്ടു. തുടര്‍ന്ന്, ആയിരം പവന്‍ സ്വര്‍ണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ ദമ്ബതികളുടെ ഇന്നോവ കാറുമായി കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന് അഡീഷനല്‍ പോലീസ് കമ്മീഷണര്‍ എന്‍. കണ്ണന്‍ വ്യക്തമാക്കി.

പോലീസ് പറഞ്ഞത് ഇങ്ങനെ,

‘അമേരിക്കയിലേക്കു പോയതിനു ശേഷം രണ്ടു മാസം മുന്‍പ്, ശ്രീകാന്ത് കുറച്ചു ദിവസത്തേക്ക് ചെന്നൈയില്‍ വന്നിരുന്നു. പിന്നീട്, യുഎസ്സിലേക്കു തന്നെ തിരിച്ചുപോയി. ഈ സമയത്ത് ശ്രീകാന്ത് ഫോണിലൂടെ 40 കോടി രൂപയുടെ ഒരു ഭൂമി ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നത് കൃഷ്ണ കേട്ടിരുന്നു. ഈ പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു കൃഷ്ണയുടെ സംശയം. കൃഷ്ണ ഈ വീട്ടില്‍ത്തന്നെയാണ് താമസിച്ചിരുന്നതെങ്കിലും വീടിന്റെ താക്കോലുകളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെയാണ് ദമ്ബതികളുടെ തിരിച്ചുവരവിനായി കാത്തിരുന്ന് കൊലപാതകം നടത്തിയത്.

ഡാര്‍ജിലിങ്ങില്‍നിന്നുള്ള രവി റായ് എന്ന സുഹൃത്താണ് ഇതിന് സഹായിച്ചത്. കൊല നടത്തിയ ശേഷം വീട്ടില്‍ 40 കോടി രൂപ സൂക്ഷിച്ചിട്ടുണ്ടെന്ന ധാരണയില്‍ ഇരുവരും ലോക്കര്‍ പരിശോധിച്ചെങ്കിലും കിട്ടിയില്ല. എന്നാല്‍, മറ്റൊരു ലോക്കറില്‍നിന്ന് ആയിരം പവന്‍ സ്വര്‍ണവും 50 കിലോ വെള്ളിയും ലഭിച്ചു. ഇതുമായി, ഇരുവരും നാടുവിടുകയായിരുന്നു. ഇതിനിടെ, മാതാപിതാക്കളെ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് യുഎസ്സിലുള്ള മകളുടെ നിര്‍ദ്ദേശപ്രകാരം, ഒരു ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്.

തുടര്‍ന്ന്, വിവരം പൊലീസില്‍ അറിയിക്കുകയും പോലീസിന്റെ തീവ്ര അന്വേഷണത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പിന്നാലെ, കൃഷ്ണ സ്ഥലം വിട്ടെന്ന് മനസ്സിലാക്കി, കൃഷ്ണയുടെ ഫോണ്‍ നമ്ബര്‍ പിന്തുടര്‍ന്നാണ് കൂട്ടുപ്രതിക്കൊപ്പം ഇയാളെ ആന്ധ്രയില്‍നിന്ന് പിടികൂടിയത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ശ്രീകാന്തിന്റെ വീട്ടില്‍ ജോലി ചെയ്യുകയാണ് കൃഷ്ണ. കൃഷ്ണയുടെ മാതാപിതാക്കള്‍ ശ്രീകാന്തിന്റെ തന്നെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഫാംഹൗസില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. വിശ്വസ്തനായ ജോലിക്കാരനെന്ന് കരുതി, കൃഷ്ണയ്ക്ക് മൈലാപ്പുരിലെ വീട്ടിലും സ്വന്തമായി ഒരു മുറി ശ്രീകാന്തും കുടുംബവും നല്‍കിയിരുന്നു. മാത്രമല്ല, ഇവരുടെ അസാന്നിധ്യത്തിലും വീട്ടിലെ കാര്‍ ഉപയോഗിക്കാനും അനുവദിച്ചിരുന്നു.’ എസിപി വ്യക്തമാക്കി.