ഹൈദരാബാദ്: കാമുകിയുമായുള്ള സ്വകാര്യചിത്രങ്ങൾ കാമുകിയുടെ അച്ഛന് അയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിലായി.

ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ ഷിറെഡ്ഡി നവീനാണ് (24) കഴിഞ്ഞദിവസം അറസ്റ്റിലായത്. ജില്ലയിലെ ഗ്രാമ സജീവാലയത്തിൽ എഞ്ചിനിയറിങ് അസിസ്റ്റൻറായി ജോലി നോക്കുകയായിരുന്നു പ്രതി.

കാമുകിയായ യുവതി ഇതേ സ്ഥാപനത്തിലാണ് ജോലിചെയ്‌തിരുന്നത്. ഇരുവരുടെയും ബന്ധത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു.

നവീനും യുവതിയും തമ്മിൽ രണ്ട് മാസമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി എഎസ്‌പി പി. അനിൽ കുമാർ പറയുന്നു. വിവാഹത്തിന് മുൻപ് വീട് നിർമ്മിക്കാൻ നവീൻ യുവതിയുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു.

അത്രയും പണം തൻറെ വീട്ടുകാർക്ക് നൽകാനാവില്ലെന്ന് യുവതി നവീനെ അറിയിച്ചു. ഇത് അംഗീകരിക്കാത്ത പ്രതി യുവതിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ യുവതിയുടെ പിതാവിന് അയയ്ക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തുകയുമായിരുന്നു.