അഹമ്മദാബാദ്: 49-കാരനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഒപ്പംതാമസിച്ചിരുന്ന യുവതി അറസ്റ്റിൽ.

ഗുജറാത്തിലെ രാജ്‌കോട്ട് മാരുതി നഗർ സ്വദേശി രാകേഷ് അഥിയാരുവിന്റെ കൊലപാതകത്തിലാണ് ഒപ്പംതാമസിച്ചിരുന്ന ആശ ചൗഹാനെ അറസ്റ്റ് ചെയ്തത്.

കൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ രാകേഷിന്റെ ഇളയമകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി രാകേഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഭാരമേറിയ വസ്തു കൊണ്ടാണ് രാകേഷിന്റെ തലയ്ക്കടിച്ചത്.

മരണം ഉറപ്പാക്കിയതോടെ മൃതദേഹം വീട്ടിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. 15 വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞശേഷം ആശയോടൊപ്പമായിരുന്നു രാകേഷ് താമസിച്ചിരുന്നത്.