പ്രസാദ്

ഭാരതീയ ദർശനങ്ങളിലെ ആദ്യത്തേത് എന്ന് കരുതപ്പെടുന്നതും, ആസ്തികവുമായ സാംഖ്യത്തിന്റെ ഉപജ്ഞാതാവ് ആണ് കപിലൻ. ഹിന്ദുക്കൾ ശൈവനായും, ബുദ്ധമതക്കാർ ബുദ്ധന്റെ പൂർവിക ഋഷിയായും കരുതുന്ന കപിലനുമായി ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തുമുണ്ട്. ബംഗാളിൽ ഗംഗാസാഗർ, ഒഡീഷയിൽ കപിലാഷ്, ആന്ധ്രയിൽ കപില തീർത്ഥം എന്നിങ്ങനെ കപിലൻ തപസ്സ് ചെയ്തു എന്ന് പറയപ്പെടുന്ന എല്ലാ ഇടങ്ങളുടെയും പൊതുവായ ഒരു പ്രത്യേകത നദി, വെള്ളച്ചാട്ടം, മല എന്നിങ്ങനെ പ്രകൃതിരമണീയമായ ഇടങ്ങൾ ആണെന്നതാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് അടുത്താണ് കപില തീര്‍ത്ഥം

ക്ഷേത്രം –

ശൈവം, ശാക്തേയം, വൈഷ്ണവം എന്നീ മൂന്നു മതങ്ങളുടെയും തമിഴ് വേരുകൾ വളരെ ആഴമുള്ളതാണ് എന്ന് മാത്രമല്ല ഈ 3 മാർഗങ്ങളെയും സഹിഷ്ണുതയോടെ കൂട്ടിക്കെട്ടാൻ തമിഴ് സംസ്കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ശൈവരായ നായനാർമാരുടെ കുടുംബത്തിൽ തന്നെ വൈഷ്ണവരായ ആഴ്‌വാർമാരും ഉണ്ടായിട്ടുണ്ട്. ഈ മൂന്ന് മാർഗങ്ങളുടെയും ഉത്സവമാണ് മധുരയിലെ മീനാക്ഷിയുടെ കല്യാണം. ഇത്തരം ഒരു ആശയത്തിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രം തന്നെയാണ് തിരുപ്പതിയിലെ കപില തീർത്ഥവും.

ചിത്രത്തിൽ – വേനലിന്റെ കാഠിന്യം മൂലം ഒഴുക്ക് നിലച്ച ശേഷാചലത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും, കപില തീർത്ഥവും

ഐതിഹ്യം കൊണ്ട് രുഗ്മിണീ-സത്യഭാമാ സമേതനായ ശ്രീകൃഷ്ണൻ പ്രതിഷ്ഠ നടത്തിയെന്നും, കപിലൻ തപസ്സ് ചെയ്തുവെന്നും പറയപ്പെടുന്ന കാമാക്ഷീ സുന്ദരേശ്വര ക്ഷേത്രത്തിനോട് ചേർന്നുള്ള ശേഷാചലത്തിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ വൈഷ്ണവനായ നമ്മാഴ്‌വാർ സ്നാനം ചെയ്തതിനാൽ അതിന് ആഴ്‌വാർ തീർത്ഥം എന്നും പേരുണ്ട്. കപില തീർത്ഥത്തിൽ കുളിച്ച് പാപമുക്തി നേടിയ ശേഷം, ക്ഷേത്ര ദർശനവും കഴിഞ്ഞാണ് തിരുപ്പതി ദർശനം നടത്തേണ്ടത് എന്നും വിശ്വസം.

കാമാക്ഷി, കപിലേശ്വര ശിവൻ, സിദ്ധി വിനായകൻ, വള്ളീ-ദേവസേന സമേത കുമാരൻ, മഹാശാസ്താവ്, നവഗ്രഹങ്ങൾ, രുഗ്മിണീ-സത്യഭാമാ സമേത കൃഷ്ണൻ, അഗസ്‌തീശ്വര ശിവൻ,കാശി വിശ്വനാഥൻ, കാലഭൈരവൻ, ദക്ഷിണാമൂർത്തി, ശിവ സൂര്യൻ പിന്നെ ഒരു പാറയ്ക്ക് കീഴിൽ ഒതുങ്ങി സൈലന്റ് ആയി കിന്നാരം പറഞ്ഞു കൊണ്ടിരിക്കുന്ന ഉമാമഹേശ്വരന്മാർ എന്നിങ്ങനെ ഒട്ടനവധി പ്രതിഷ്ഠകൾ ഉള്ള ഒരു ചെറിയ ക്ഷേത്രമാണ് കപില തീർത്ഥം.