രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ 9 ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യം : അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധർ

Advertisement

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും വളരെ കുറഞ്ഞ തോതിൽ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും ഡൽഹിയിലാണ് കൊറോണ രോഗികൾ സ്ഥിരീകരിക്കപ്പെടുന്നത്. ഇത് ഒരു പക്ഷേ, നാലാം തരംഗത്തിന്റെ ആരംഭമാകാമെന്നും ആരോഗ്യ വിദഗദ്ധർ അനുമാനിക്കുന്നു. തലസ്ഥാന നഗരിയിൽ, ഒമിക്രോണിന്റെ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണ് ആശങ്ക ഉയർത്തുന്നത്.

ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിൽ ഏകദേശം ഒമ്പത് തരത്തിലുള്ള ഒമിക്രോൺ ഉപവകഭേദങ്ങളുണ്ടെന്നാണ് വിവരം. നിലവിലെ കൊറോണ വ്യാപനം വർദ്ധിച്ചതിന് കാരണമായതും ഈ ഉപവകഭേദങ്ങളുടെ സാന്നിദ്ധ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബിഎ.2.12.1 ഉൾപ്പെടെ മറ്റ് എട്ട് ഉപവകഭേദങ്ങൾ ഡൽഹിയിൽ വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാമ്പിളുകളുടെ ജിനോം സീക്വൻസിങ്ങിന് ശേഷമാണ് ഇത് സ്ഥിരീകരിച്ചത്. ഇവയിൽ തന്നെ ബിഎ.1, ബിഎ1.1, ബിഎ.2, ബിഎ.4, ബിഎ.5 എന്നിവയാണ് കൂടുതൽ സൂക്ഷിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബുധനാഴ്ച മാത്രം ഡൽഹിയിൽ 1,009 രോഗികളാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 10ന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 5.7 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 2,641 രോഗികൾ രാജ്യതലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.

Advertisement