സൈന്യത്തിൽ പുതിയ റിക്രൂട്ട‍്‍മെൻറ് മോഡൽ; നിയമിക്കപ്പെടുന്നവരിൽ 50% പേരും 5 വർഷത്തിനുള്ളിൽ വിരമിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ഹ്രസ്വകാലയളവിൽ കരാറടിസ്ഥാനത്തിൽ പട്ടാളക്കാ‍ർക്ക് അവസരം നൽകാൻ സാധ്യത.
കരസേനയിലെ ജവാൻമാരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2020ൽ കൊണ്ടുവന്ന റിക്രൂട്ട‍്‍മെൻറ് മോഡൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്. വർദ്ധിച്ചു വരുന്ന പ്രതിരോധ പെൻഷൻ ബില്ലുകൾ കുറയ്ക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

കോവി‍ഡ് പട‍ർന്ന് പിടിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തോളമായി കരസേനയിൽ പുതിയതായി റിക്രൂട്ട്മെൻറ് നടന്നിട്ടില്ല. സേനയിൽ റിക്രൂട്ട്മെൻറ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാ‍ർഥികൾ ചൊവ്വാഴ്ച ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ടൂർ ഓഫ് ഡ്യൂട്ടി (ToD) എന്ന് വിളിക്കുന്ന നിർദ്ദിഷ്ട റിക്രൂട്ട്‌മെന്റ് മോഡൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ നിരവധി മീറ്റിങുകൾ നടന്നിരുന്നു. പുതിയ മോഡലിന് അനുകൂലമായ തീരുമാനം പുറത്ത് വരാനാണ് സാധ്യത.

ഇന്ത്യൻ ആർമിയിലെ എല്ലാ സൈനികരെയും ഇനി ടൂർ ഓഫ് ഡ്യൂട്ടി മാതൃകയിൽ റിക്രൂട്ട് ചെയ്യുമെന്ന് പദ്ധതിയുടെ ഇപ്പോഴത്തെ കരട് രേഖയിൽ പറയുന്നുണ്ടെന്നാണ് റിപ്പോ‍ർട്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ 25% പേർ മൂന്ന് വർഷവും 25% സൈനികർ അഞ്ച് വർഷവും സേവനമനുഷ്ഠിക്കും. ശേഷിക്കുന്ന 50% പേർ വിരമിക്കൽ പ്രായം എത്തുന്നതുവരെ മുഴുവൻ കാലവും സൈന്യത്തിൽ തുടരും. ഈ രീതിയിലാണ് സൈനികരെ എടുക്കാൻ പോവുന്നത്.

താങ്ങാനാവാത്ത രീതിയിൽ വർധിക്കുന്ന പ്രതിരോധ പെൻഷൻ ബില്ലുകൾ ഗണ്യമായി കുറയ്ക്കാൻ ഈ മോഡൽ നടപ്പിലാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസമെന്ന് സൈന്യത്തിലെ ഒരു മുതി‍ർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന്, അഞ്ച് വർഷത്തിന് ശേഷം പിരിയുന്ന 50% സൈനികരെ ദേശീയ പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തണമെന്ന് കരട് രേഖയിൽ പറയുന്നുണ്ട്. ഇത് കൂടാതെ ഇവർക്ക് സായുധ സേനയിലെ വിമുക്തഭടന്മാർക്ക് ബാധകമായ ചില മെഡിക്കൽ ആനുകൂല്യങ്ങൾ ഒരു നിശ്ചിത കാലയളവിലേക്ക് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിർദിഷ്ട റിക്രൂട്ട്‌മെന്റ് മോഡൽ ഓഫീസർമാർക്ക് ബാധകമായിരിക്കില്ല. സൈനികരെ മാത്രമേ ഇങ്ങനെ എടുക്കുകയുള്ളൂവെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഇന്ത്യൻ സേനയിൽ നിലവിൽ 7,476 ഓഫീസ‍ർമാരുടെ കുറവുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ. അതിന് ഇനിയും സമയമെടുക്കും.
റിക്രൂട്ട്‌മെന്റ് റാലികൾ നിർത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1.1 ലക്ഷം സൈനികരുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഓരോ മാസവും 5,000 സൈനികർ വീതം കൂടി വരികയാണ്.

ഇന്ത്യൻ സൈന്യത്തിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വെച്ച്‌ ഒരേസമയം 40,000 പുതിയ സൈനിക‍ർക്ക് പരിശീലനം നൽകാനാകും. ഓരോ വർഷവും 60000ത്തോളം സൈനികരാണ് വിരമിക്കുന്നത്. ജനറൽ ഡ്യൂട്ടിയിൽ ഉൾപ്പെടുന്ന സൈനികർക്ക് 34 ആഴ്ചയാണ് പരിശീലന കാലയളവ്. ട്രേഡ്സ്മെൻ വിഭാഗത്തിൽ പെടുന്നവർക്ക് ഇത് 19 ആഴ്ചയാണ്. വൈകാതെ തന്നെ റിക്രൂട്ട്മെൻറ് പുനരാരംഭിച്ചാൽ പോലും നിലവിലെ ഒഴിവുകൾ നികത്താൻ 6-7 വ‍ർഷം വേണ്ടി വരുമെന്നാണ് റിപ്പോ‍ർട്ട്. പരിശീലന കാലയളവ് എല്ലാവർക്കും 19 ആഴ്ചയാക്കിയാൽ പോലും ഒഴിവുകൾ നികത്താൻ 19 ആഴ്ച വേണ്ടി വന്നേക്കും. മൂന്ന് വർഷവും അഞ്ച് വർഷവും കഴിഞ്ഞ് വിരമിക്കുന്നവരും ഈ ഒഴിവുകൾ കൂട്ടും. ടൂർ ഓഫ് ഡ്യൂട്ടി പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി മൂന്ന് വർഷം കാലയളവ് നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Advertisement