കാലാവധി പൂർത്തിയാക്കുന്ന സുരേഷ് ഗോപി‍യുടെ രാജ്യസഭ‍യിലെ അവസാന പ്രസംഗം‍ മലയാളത്തിൽ; ആനകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിജെപി എംപി

ന്യൂഡൽഹി: രാജ്യസഭയിൽ മലയാളത്തിൽ സംസാരിച്ച്‌ നടൻ സുരേഷ് ഗോപി എംപി.

കാലാവധി പൂർത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിൽ നടത്തിയത്. ആനകളെ മോശപ്പെട്ട അവസ്ഥയിൽ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടുപോകുന്നത് തടയാൻ നിയമത്തിൽ മാറ്റം വരുത്തണമെന്നും ആനകളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്.

ബഹുമാന്യനായ രാജ്യസഭാ അധ്യക്ഷന് ഒരുപാട് നന്ദി, നമസ്‌കാരം എന്നു പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്. എനിക്ക് ഈ ടേമിൽ കിട്ടുന്ന അവസാന അവസരമാണ് ഈ സീറോ അവർ സബ്മിഷൻ. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും കലക്കത്ത് കുഞ്ചൻ നമ്പ്യാർക്കും സമർപ്പണമായി, അവരുടെ പാദാരവിന്ദങ്ങളിൽ നമസ്‌ക്കരിച്ചുകൊണ്ട് മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും നല്ലവരായ മലയാളികളുടെയും സമർപ്പണമായി, ഈ നിവേദനം കേന്ദ്ര വനംവന്യജീവി വകുപ്പ് മന്ത്രിക്ക് മുമ്പിൽ സമർപ്പിക്കുന്നു.

വളർത്ത് ആനകളുടെ വാണിജ്യ വില്പന കൈമാറ്റം എന്നിവ നിരോധിച്ചുകൊണ്ട് 1972ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ നിയമത്തിൽ ഒരു ഭേദഗതി വരുത്തിയിരുന്നു. ഇതുകാരണം കേരളത്തിലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും മുസ്ലീം ആഘോഷങ്ങളിലുമെല്ലാം ആനകളുടെ സാന്നിധ്യം ഭീതിപ്പെടുത്തുംവിധം കുറഞ്ഞുവരികയാണ്. ഒരുപക്ഷേ ആനകളെ ചൂഷണം ചെയ്യുന്ന ഉപദ്രവിക്കുന്ന, പ്രവണത മോശപ്പെട്ട രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ആനകളെ ആദരപൂർവ്വം, അനുഷ്ഠാനപൂർവ്വം എഴുന്നെള്ളിക്കുകയും ചെയ്യുന്നുണ്ട്.

ആനകളുടെ എണ്ണം കുറയുന്നതിന് അനുസരിച്ച്‌ ഉള്ള സ്ഥലത്ത് നിന്നും ലോറിയിലും ട്രെയിലറുകളിലും കയറ്റി വളരെ മോശപ്പെട്ട അവസ്ഥയിൽ കൊണ്ടുപോകുന്ന ദ്രോഹം ഒഴിവാക്കാൻ നിയമങ്ങളിൽ ഗണ്യമായ മാറ്റം വരുത്തണം. മലയാളികൾക്കുവേണ്ടിയും ബീഹാറിലെ സോൻപൂർ മേള അടക്കമുള്ള വേദികൾക്കുവേണ്ടിയുമാണ് ഇത് ആവശ്യപ്പെടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രസംഗം നിർത്തിയതിന് പിന്നാലെ അഭിനന്ദനം, വളരെ നന്നായി സംസാരിച്ചുവെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു മലയാളത്തിൽ തന്നെ മറുപടി നൽകുകയും ചെയ്തു.

Advertisement