മുംബൈ: വന്‍ വിവാദവും വിജയവുമായി പ്രദര്‍ശനം തുടരുന്ന ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
ചിത്രം പുറത്തുവന്നതിനു ശേഷം ഇസ്ലാമിക മതമൗലികവാദികളില്‍ നിന്ന് ഭീഷണി ശക്തമായതോടെയാണ് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

നാലോ അഞ്ചോ സായുധ കമാന്‍ഡോകളാകും വിവേകിനൊപ്പം ഉണ്ടാവുക. രാജ്യത്ത് യാത്ര ചെയ്യുമ്‌ബോള്‍ എല്ലാ സമയവും വിവേകിന് സിആര്‍പിഎഫ് സംരക്ഷണം നല്‍കും. ചിത്രം ആറ് ദിവസങ്ങള്‍കൊണ്ട് 87.40 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. കോവിഡാനന്തര കാലഘട്ടത്തില്‍ ഒരു ബോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

നിര്‍മ്മാണ കമ്ബനിയായ സീ സ്റ്റുഡിയോയാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് തന്നെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. തുടര്‍ന്ന് റിലീസ് ചെയ്തതോടെ സിനിമയ്ക്ക് പ്രശംസകള്‍ കിട്ടിയിരുന്നു.കുറച്ച് തീയേറ്ററില്‍ മാത്രം ഇറക്കിയ സിനിമ പിന്നീട് നിരവധി തിയേറ്ററുകളിലും റിലീസ് ചെയ്തു.