ചെന്നൈ: തമിഴ്‌നാട് പൊലീസ് വെടിവച്ചു തീര്‍ത്തത് പേരുകേട്ടാല്‍ ജനം നടുങ്ങുന്ന കൊടുംക്രിമിനലിനെ. തൂത്തുക്കുടി പുതിയമ്ബത്തൂര്‍ നീരാവി മുരുകന്‍ പൊലീസ് പോലും പേടിച്ചിരുന്ന കൊടും കുറ്റവാളി.

മുന്‍ മന്ത്രിയെ പട്ടാപ്പകല്‍ വെട്ടിക്കാെന്നശേഷം ഒരു കൂസലുമില്ലാതെ നാട്ടില്‍ വിരാജിക്കുകയായിരുന്നു മുരുകന്‍. കൊലപാതകങ്ങളും മോഷണവും തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയുമായി ഇയാള്‍ക്കെതിരെ അറുപതിലധികം കേസുകളാണ് ഉണ്ടായിരുന്നത്. കേരളത്തിലും ആന്ധ്രയിലും കേസുകളുണ്ട്. തോക്കും മൂച്ചയുള്ള ആയുധങ്ങളും കാണിച്ച് സ്ത്രീകളെ കൊള്ളയടിക്കുന്നതാണ് ഇയാളുടെ ഇഷ്ടവിനോദം. ഉറങ്ങുമ്‌ബോള്‍ പോലും ഇയാളുടെ പക്കല്‍ മൂര്‍ച്ചയേറിയ ആയുധം ഉണ്ടാവും.

2004-ല്‍ തമിഴ്നാട്ടിലെ മുന്‍ നിയമമന്ത്രിയായിരുന്ന അലാഡി അരുണയുടെ കൊലപാതകമാണ് മുരുകന്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ കുറ്റകൃത്യം. കൊലപാതകത്തിനുപിന്നിലെ ബുദ്ധികേന്ദ്രവും മുരുകനായിരുന്നു. ദിണ്ടിഗലിലെ ഒട്ടന്‍ഛത്രത്ത് ഒരു ഡോക്ടറുടെ വസതിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുനിസിപ്പാലിറ്റി പ്രദേശത്ത് മുരുകന്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചത്.

പൊലീസിനെ തീരെ ഭയമില്ലെന്നും രക്ഷപ്പെടാന്‍ എന്ത് ഹീനമാര്‍ഗവും മുരുകന്‍ സ്വീകരിക്കുമെന്ന് നന്നായി അറിയാമായിരുന്ന പൊലീസ് സംഘം എല്ലാ കരുതലോടെയുമാണ് ഒളിവുകേന്ദ്രം വളഞ്ഞത്. പൊലീസിന്റെ പ്രതീക്ഷ തെറ്റിയില്ല; കണ്ടമാത്രയില്‍ കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. ആക്രമണത്തില്‍ നാലുപൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ഭയന്നു എന്ന് വ്യക്തമായതോടെ രക്ഷപ്പെടാനായി മുരുകന്റെ ശ്രമം. വേറെ വഴിയില്ലെന്ന് കണ്ടതോടെ ഓപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ എസക്കിരാജ വെടിവയ്ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ മുരുകന്‍ അപ്പോള്‍ തന്നെ മരിച്ചു. കഴിഞ്ഞവര്‍ഷവും രണ്ട് കൊടുംക്രിമിനലുകളെ തമിഴ്‌നാട് പൊലീസ് വെടിവച്ചുകൊന്നിരുന്നു. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് പുതിയ രീതി പൊലീസ് സ്വീകരിച്ചുവരികയാണെന്നാണ് സൂചന.