ന്യൂഡെല്‍ഹി.വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കിയ രീതി ശരിവച്ച് സുപ്രീംകോടതി. പെൻഷനുമായി ബന്ധപ്പെട്ട കേന്ദ്ര നയങ്ങളിൽ ഭരണഘടന പ്രശ്നങ്ങളില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പെൻഷൻ പുനഃപരിശോധന അഞ്ച് വർഷത്തിലൊരിക്കൽ എന്ന കേന്ദ്രനയം തുടരാം. ഒരേ റാങ്കിലുള്ളവർക്ക് ഒരേ പെൻഷൻ നൽകണമെന്ന നിയമപരമായ ഉത്തരവാദിത്തമില്ല. അതേസമയം, 2019 ജൂലൈ ഒന്ന് മുതൽ കണക്കാക്കി പെൻഷൻ റിവിഷൻ നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി. വിമുക്ത ഭടന്മാർക്ക് മൂന്ന് മാസത്തിനകം പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യൻ എക്സ്-സർവീസ്‌മെൻ മൂവ്മെന്റ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വിധി. ഭഗത് സിംഗ് കോശിയാരി സമിതി ശുപാർശ ചെയ്ത വാർഷിക റിവിഷൻ നടപ്പാക്കണമെന്നായിരുന്നു വിമുക്ത ഭടന്മാരുടെ ആവശ്യം.