ന്യൂഡെല്‍ഹി . ഹിജാബ് അനിവാര്യമായ മത ആചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എൻ.വി. രമണ നിരസിച്ചു. ഹോളി അവധിക്ക് ശേഷം പരിഗണിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിബ നാസ്, ആയിഷ ഷിഫത് തുടങ്ങിയ വിദ്യാർത്ഥിനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ അടുത്തിരിക്കുകയാണെന്നും, ഹൈക്കോടതി ഉത്തരവ് ഒട്ടേറെ പെൺകുട്ടികളെ ബാധിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ അറിയിച്ചു. അതിനാലാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ നടപടി ശരിവച്ചു കൊണ്ടായിരുന്നു കർണാടക ഹൈക്കോടതിയുടെ വിധി.