ന്യൂഡൽഹി: ഇന്ത്യയിലെ വയർഡ് ബ്രോഡ്ബാൻഡ് മേഖലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്‌എൻഎൽ ആധിപത്യം തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളോളമായി.

2000-ത്തിൽ ആദ്യമായി അവതരിപ്പിച്ചത് മുതൽ ബ്രോഡ്ബാൻഡ് മേഖലയിൽ ബിഎസ്‌എൻഎല്ലിനെ മറികടക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ, ഇരുപത് വർഷങ്ങൾക്കുശേഷം റിലയൻസ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്‌എൻഎല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവന ദാതാവായി മാറി. രണ്ടുവർഷം മുമ്പാണ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്.

ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച്‌ രാജ്യത്ത് 43 ലക്ഷം പേർക്കാണ് ജിയോ ഫിക്‌സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം നൽകുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽ അധികം ആളുകളെയാണ് ജിയോ അധികമായി ചേർത്തത്. എന്നാൽ, ബി.എസ്.എൻ.എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്. ഒക്ടോബറിൽ 47 ലക്ഷം വരിക്കാരുണ്ടായിരുന്നു. നവംബറിൽ അത് 42 ലക്ഷമായി കുറഞ്ഞു.

അതേസമയം നവംബറിൽ പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന്റെ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്. 2019 സെപ്തംബറിലാണ് ജിയോ ഫൈബർ എന്ന പേരിൽ ഫിക്‌സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം ജിയോ തുടങ്ങിയത്. ഈ സമയത്ത് ബിഎസ്‌എൻഎല്ലിന് 86 ലക്ഷം ഉപഭോക്താക്കൾ ഉണ്ടായിരുന്നു. രണ്ടുവർഷം കൊണ്ട് ബിഎസ്‌എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.