ന്യൂഡൽഹി: മെഡിക്കൽ ആവശ്യങ്ങൾക്ക് പണം മുൻ‌കൂറായി പിൻവലിക്കാൻ അനുമതി നൽകി ഇ.പി.എഫ്.ഒ. കോവിഡ് 19ന്റെ തീവ്ര വ്യാപനം കണക്കിലെടുത്താണ്​​ രോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കായി പണം മുൻകൂറായി നൽകാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തീരുമാനിച്ചത്​.

അംഗങ്ങൾക്ക് ആശുപത്രി ചെലവുകൾ ഉൾപ്പെടെയുള്ള അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ മുൻകൂറായി പിൻവലിക്കാം. ഇതിന് രേഖകളോ എസ്റ്റിമേറ്റുകളോ ഹാജരാക്കേണ്ടതില്ലെന്നും ഇ.പി.എഫ്.ഒ സർക്കുലറിൽ വ്യക്തമാക്കുന്നു.

“ജീവന് തന്നെ ഭീഷണിയാകുന്ന രോഗങ്ങൾ ബാധിക്കുമ്പോൾ അടിയന്തരമായി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ നിന്ന് എസ്റ്റിമേറ്റ് ലഭിച്ചെന്നു വരില്ല”, കഴിഞ്ഞ വർഷം കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനഘട്ടത്തിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇ.പി.എഫ്.ഒ പറഞ്ഞിരുന്നു. പിഎഫ് സ്‌കീമിന് കീഴിലുള്ള ജീവനക്കാർക്ക് മെഡിക്കൽ അത്യാഹിതമുണ്ടായാൽ മുൻ‌കൂറായി പണം പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം പുനരവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഘടന പുതിയ സർക്കുലർ പുറത്തിറക്കിയത്.

ഇ.പി.എഫ്.ഒ മെഡിക്കൽ അഡ്വാൻസ് എങ്ങനെ നേടാം

ചട്ടങ്ങൾ അനുസരിച്ച്‌ സർക്കാർ ആശുപത്രിയിലോ പിഎസ്‍യുവിലോ സിജിഎച്ച്‌എസ് എംപാനൽഡ് ചെയ്ത ആശുപത്രിയിലോ ആണ് രോഗിയെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടത്. സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിൽ, ചട്ടങ്ങളിൽ ഇളവ് നൽകണമെന്ന് അഭ്യർഥിച്ച്‌ ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ നൽകാം.

അഡ്വാൻസ് ക്ലെയിം ചെയ്യുന്നതിനായി ജീവനക്കാരനോ കുടുംബാംഗമോ രോഗിയുടെ പേരിൽ ഒരു കത്ത് സമർപ്പിക്കണം. അതിൽ ചെലവിന്റെ എസ്റ്റിമേറ്റ് നൽകേണ്ട കാര്യമില്ല, എന്നാൽ ആശുപത്രിയുടെയും രോഗിയുടെയും വിശദാംശങ്ങൾ ചേർത്തിരിക്കണം.

ഒരു ലക്ഷം രൂപവരെയുള്ള മെഡിക്കൽ അഡ്വാൻസ് ബന്ധപ്പെട്ട അധികാരി രോഗിക്കോ കുടുംബാംഗത്തിനോ നൽകും. അല്ലെങ്കിൽ ചികിത്സ ആരംഭിക്കുന്നതിനായി ഈ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയും ചെയ്യാം. ഈ അഡ്വാൻസ് ഉടനടി അനുവദിക്കണം, കഴിയുമെങ്കിൽ അതേ പ്രവൃത്തി ദിവസം തന്നെ.

ചികിത്സാ ചെലവ് ഒരു ലക്ഷം രൂപയിൽ കൂടുതലാകുന്ന സാഹചര്യത്തിൽ, ഇ.പി.എഫ്.ഒയുടെ പിൻവലിക്കൽ നിയമത്തിന് വിധേയമായിക്കൊണ്ട് അധിക അഡ്വാൻസ് അനുവദിക്കാൻ കഴിയുന്നതാണ്. ചികിത്സയ്ക്കുള്ള എസ്റ്റിമേറ്റ് ലഭിച്ചതിന് ശേഷം മാത്രമേ ഈ അഡ്വാൻസ് അനുവദിക്കൂ.

ആശുപത്രി വിട്ടതിന് ശേഷം 45 ദിവസത്തിനുള്ളിൽ ജീവനക്കാരനോ കുടുംബാംഗങ്ങളോ ആശുപത്രി ബിൽ സമർപ്പിക്കേണ്ടതുണ്ട്. ഇപിഎഫ് നിയമങ്ങൾ അനുസരിച്ച്‌ ആശുപത്രിയുടെ അന്തിമ ബില്ലിന് അനുയോജ്യമായ രീതിയിൽ മെഡിക്കൽ അഡ്വാൻസ് ക്രമീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here