ന്യൂഡൽഹി: രാജ്യം നാളെ കരസേനാ ദിനം ആഘോഷിക്കുന്നു. ഈ വേളയിൽ, ഇന്ത്യൻ സൈന്യം പുതിയ യൂണിഫോം പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നാളെ നടക്കുന്ന ആർമി പരേഡിലായിരിക്കും ഈ ചടങ്ങ് ഉണ്ടാവുക.

അവസാനം നടന്ന ആർമി കമാൻഡേഴ്സ് കോൺഫറൻസിലാണ് പുതിയ യൂണിഫോം രംഗത്തിറക്കാനുള്ള തീരുമാനമെടുത്തത്. ഡിജിറ്റൽ പാറ്റേണിൽ നിർമ്മിക്കപ്പെടുന്ന പുതിയ യൂണിഫോം, പഴയതിനേക്കാൾ ഭാരക്കുറവുള്ളതായിരിക്കും. ശത്രുവിനു സൈനികരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരിക്കും ഇതിന്റെ നിറവും ഡിസൈനും.

മണ്ണിന്റെ നിറവും ഒലിവ് നിറവും ചേർന്ന നിരവധി നിറങ്ങളുടെ മിശ്രിതവർണ്ണമായിരിക്കും യൂണിഫോമിന് ഉണ്ടാവുക. പ്രകൃതി സൗഹൃദപരമായായിരിക്കും ഇത് നിർമ്മിക്കുക. ഇന്ത്യൻ സൈന്യവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സംയുക്തമായി ചേർന്നാണ് പുതിയ യൂണിഫോം നിർമ്മിക്കുക.