ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ക്രയോജനിക് എൻജിന്റെ യോഗ്യതാ പരീക്ഷണം വിജയകരമായതായി ഐഎസ്‌ആർഒ അറിയിച്ചു.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്‌ആർ പ്രൊപ്പൽഷൻ കോംപ്ലക്സിൽ പ്രത്യേകമായി സജ്ജീകരിച്ച സംവിധാനത്തിലായിരുന്നു പരീക്ഷണം. ഗഗൻയാൻ ദൗത്യത്തിനായുള്ള ഗുണമേന്മ പരീക്ഷണത്തിൽ തെളിഞ്ഞതായി ഐഎസ്‌ആർഒ അറിയിച്ചു. 720 സെക്കൻഡ് നീണ്ടുനിൽക്കുന്നതായിരുന്നു പരീക്ഷണം.

പരീക്ഷണം വിജയകരമായിരുന്നുവെന്നും ലക്ഷ്യങ്ങൾ നിറവേറ്റിയെന്നും ഐഎസ്‌ആർഒ അറിയിച്ചു. ഇന്ത്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വികസിപ്പിച്ചെടുത്തതാണ് ക്രയോജനിക്ക് എഞ്ചിൻ. ഗഗൻയാൻ ദൗത്യത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണിത്. ഗഗൻയാൻ ദൗത്യത്തിനായുള്ള ക്രയോജനിക് എൻജിൻ യോഗ്യത പൂർത്തിയാക്കുന്ന പരീക്ഷണങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഐഎസ്‌ആർഒ അറിയിച്ചു.

നിലവിൽ പരീക്ഷണം കഴിഞ്ഞ എഞ്ചിനെ ഒരു ഹ്രസ്വകാല പരീക്ഷണത്തിനും ദീർഘകാല പരീക്ഷണത്തിനും വിധേയമാക്കും. 1992ൽ റഷ്യയിൽ നിന്ന് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാൽ സാങ്കേതിക വിദ്യാ കൈമാറ്റം നടത്തുന്നതിനെതിരെ അമേരിക്ക രംഗത്തെത്തി. ഇതോടെ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ഗഗൻയാന് മുന്നോടിയായുള്ള പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന റോബോർട്ട് ആയിരിക്കും. വ്യോമമിത്രയുടെ രൂപീകരണവും പൂർത്തിയായിട്ടുണ്ട്. ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പേടകത്തിലെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് പ്രതിരോധ ഗവേഷക ഏജൻസിയായ ഡിആർഡിഒ ആണ്.

2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം പൂർത്തിയാക്കുമ്പോൾ 2022ഓടെ അഞ്ച് മുതൽ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്‌ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ രാജ്യമായി മാറും ഇന്ത്യ.